കോതമംഗലത്ത് ഒരു മാസം നീളുന്ന ടൂറിസം ആഘോഷങ്ങൾ; ഡിസംബർ 5ന് തുടക്കം

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ കോതമംഗലത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം
District Collector G. Priyanka and others are participating in a meeting—chaired by MLA Shibu Thekkumpuram—convened to assess the preparations for organizing Christmas–New Year tourism celebrations.

ക്രിസ്മസ്–പുതുവത്സര ടൂറിസം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്റ്റർ ജി. പ്രിയങ്ക അടക്കമുള്ളവർ പങ്കെടുക്കുന്നു

Updated on: 

കോതമംഗലം: ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കോതമംഗലത്തെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ കോർത്തിണക്കി ഒരു മാസം നീളുന്ന ആഘോഷങ്ങൾ സംഘടിപ്പിക്കാൻ തീരുമാനം. ഡിസംബർ 5 മുതൽ ജനുവരി 5 വരെയാണ് ആഘോഷങ്ങൾ. ഭൂതത്താൻകെട്ടിൽ നടക്കുന്ന ഉദ്ഘാടനച്ചടങ്ങോടെ പരിപാടികൾക്ക് തുടക്കമാകും.

വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനും കോതമംഗലത്തിന്റെ ടൂറിസം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനുമായി നടത്തുന്ന ആഘോഷങ്ങളുടെ മുന്നൊരുക്കങ്ങൾ വിലയിരുത്താനും വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യാനും എറണാകുളം ജില്ലാ കളക്റ്റർ ജി. പ്രിയങ്ക ഭൂതത്താൻകെട്ട് സന്ദർശിച്ചു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികളെ കോതമംഗലത്തേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. നിയോജകമണ്ഡലത്തിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരസ്പരം ബന്ധിപ്പിച്ച് ഓരോ കേന്ദ്രത്തിന്റെയും പ്രത്യേകതകൾ പ്രയോജനപ്പെടുത്തുന്ന രീതിയിലായിരിക്കും പരിപാടികൾ ആസൂത്രണം ചെയ്യുക.

ആഘോഷങ്ങളുടെ ഭാഗമായി ഭൂതത്താൻകെട്ട് ഡാമിൽ ലൈറ്റിംഗ്, ബോട്ടിംഗ്, കയാക്കിംഗ്, ഹെലികോപ്റ്റർ റൈഡ് തുടങ്ങിയ ആകർഷകമായ വിനോദസഞ്ചാര സൗകര്യങ്ങൾ ഒരുക്കും. ഭൂതത്താൻകെട്ട് ഉദ്യാനത്തിന്റെ നവീകരണവും വിപുലീകരണവും നടത്താനും തീരുമാനിച്ചു. ഇതിനായി ഒരു കോടി രൂപ വകയിരുത്തും. ടൂറിസം–ഇറിഗേഷൻ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും എംഎൽഎ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയുമാണ് വിനിയോഗിക്കുക. ഉദ്യാനത്തിന്റെ വികസനപ്രവർത്തനങ്ങൾ അടുത്ത ഘട്ടത്തിലേക്ക് വ്യാപിപ്പിക്കുന്നതിനും യോഗത്തിൽ തീരുമാനമായി.

ടൂറിസം ആഘോഷങ്ങളുടെ ഉദ്ഘാടനം ഡിസംബർ അഞ്ചിന് ഭൂതത്താൻകെട്ടിൽ ടൂറിസം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കും. ഒരു മാസം നീളുന്ന ആഘോഷങ്ങളുടെ ഭാഗമായി വിവിധ വിനോദപരിപാടികളും സഞ്ചാരികൾക്കായുള്ള പ്രത്യേക ആകർഷണങ്ങളും ഒരുക്കും.

ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കളക്റ്റർ ജി. പ്രിയങ്ക പങ്കെടുത്തു. പിവിഐപി എക്സിക്യൂട്ടീവ് എൻജിനീയർ സി.വി. ബൈജു സ്വാഗതം പറഞ്ഞു. പിണ്ടിമന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ജോർജ് കുട്ടി, ജില്ലാ പഞ്ചായത്ത് അംഗം ജോമി തെക്കേക്കര, ടിവിഐപി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ വി.ജി. ജോർഡി തുടങ്ങിയവർ പങ്കെടുത്തു.