'ജനകീയ ഡോക്‌റ്റർ' നഴ്സുമാരുടെ ശത്രു, പിന്തുണയുമായി രോഗികൾ

ആശുപത്രിയിലെ നഴ്സിങ് ഓഫിസറെ കൈയേറ്റം ചെയ്തുവെന്നും ഡോക്റ്റര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് സമരം
Representative image
Representative image

മട്ടാഞ്ചേരി: ഫോര്‍ട്ട് കൊച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം ഡോക്റ്റര്‍ക്കെതിരേ പ്രതിഷേധവുമായി നഴ്സുമാരുടെ സംഘടന. ജനകീയ ഡോക്റ്റര്‍ എന്ന വിശേഷണമുള്ള ഗൈനക്കോളജിസ്റ്റിനെതിരേ നഴ്സുമാരുടെ സംഘടനയായ കെജിഎന്‍എയാണ് രംഗത്തുവന്നത്. ആശുപത്രിയിലെ നഴ്സിങ് ഓഫിസറെ കൈയേറ്റം ചെയ്തുവെന്നും ഡോക്റ്റര്‍ക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ട് ഇവർ സമരവും നടത്തി.

ഗൈനക്കോളജി വിഭാഗത്തിലെ ഡോക്റ്റര്‍മാര്‍ നാളുകളായി നഴ്സിങ് വിഭാഗം ജീവനക്കാരോട് അപമര്യാദയായി പെരുമാറുകയാണെന്നാണ് ആക്ഷേപം. രോഗികളുടെയും ബന്ധുക്കളുടെയും മുന്നില്‍ വച്ച് മോശമായി സംസാരിക്കുന്നതായും ഇവര്‍ക്കു പരാതിയുണ്ട്. ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിക്കു മുന്നില്‍ നടന്ന പ്രതിഷേധം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉണ്ണി ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സ്മിത ബക്കര്‍, പ്രസിഡന്‍റ് അജിത ടി. ആര്‍, സംസ്ഥാന കമ്മറ്റി അംഗം അഭിലാഷ് എം എന്നിവര്‍ സംസാരിച്ചു. ആശുപത്രി മെഡിക്കല്‍ സൂപ്രണ്ടിനും ജില്ലാ മെഡിക്കല്‍ ഓഫിസർക്കും നല്‍കിയ പരാതിയില്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ സമരം ജില്ലാ തലത്തിലേക്കു വ്യാപിപ്പിക്കുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചു.

അതേസമയം ജനകീയ ഡോക്റ്റര്‍മാര്‍ക്കെതിരേ സമരം ചെയ്യുന്ന നഴ്സുമാരുടെ സംഘടനയ്ക്കെതിരേ പ്രതിഷേധവുമായി നാട്ടുകാരും പൊതുപ്രവര്‍ത്തകരും രോഗികളും ബന്ധുക്കളും രംഗത്തെത്തിയതോടെ ആശുപത്രി പരിസരം നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കി. നഴ്സുമാരുടെ സമരത്തിനെതിരേ നാട്ടുകാര്‍ കൂക്കുവിളികളുമായാണ് പ്രതിഷേധിച്ചത്. നഴ്സുമാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടിയ ഡോക്റ്റര്‍മാര്‍ക്കെതിരേ നഴ്സുമാരുടെ സംഘടന പ്രതിഷേധവുമായി എത്തിയത് അപഹാസ്യമാണെന്ന് ഇവർ പറഞ്ഞു.

ഡോക്റ്റര്‍മാരുടെ സേവനം ആശുപത്രിക്ക് ആവശ്യമാണെന്നും മികച്ച സേവനം നല്‍കുന്ന ഡോക്റ്റര്‍മാര്‍ക്കെതിരേയുള്ള സമരം പ്രതിഷേധാര്‍ഹമാണെന്നും നാട്ടുകാർ. ഇവരും നഴ്സുമാരും തമ്മിൽ വാക്കേറ്റവുമുണ്ടായി. രംഗം വഷളായതോടെ പൊലീസ് ജനക്കൂട്ടത്തെ നിയന്ത്രിച്ചു. ഡോക്റ്റര്‍മാര്‍ക്കെതിരേ നടപടിയുണ്ടായാല്‍ ജനകീയ സമരം സംഘടിപ്പിക്കുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com