ഓൺലൈനിൽ ഓർഡർ ചെയ്തു കിട്ടിയത് പഴയ ഫോൺ; 70,000 രൂപ നഷ്ടപരിഹാരം

ഫോണും കവർ ലെറ്ററും കൊറിയറിൽ അയച്ചെങ്കിലും പണം തിരികെ നൽകുന്നതിൽ എതിർകക്ഷി വീഴ്ചവരുത്തുകയും ഉപയോക്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു
Online store fine for giving old phone

ഓൺലൈനിൽ ഓർഡർ ചെയ്തു കിട്ടിയത് പഴയ ഫോൺ

പ്രതീകാത്മക ചിത്രം

Updated on

കൊച്ചി: ഉപയോക്താവിനെ തെറ്റിദ്ധരിപ്പിച്ച്, പഴയതും കേടായതുമായ മൊബൈൽ ഫോൺ നല്‍കി കബളിപ്പിക്കുകയും അതു തിരികെ എടുത്ത ശേഷം പണം നല്‍കാതിരുന്ന ഓൺലൈൻ വ്യാപാരി നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ചെന്നൈ ആസ്ഥാനമായ ലാപ്‌ടോപ്‌സോൺ എന്ന സ്ഥാപനത്തിനെതിരായ പരാതിയിലാണ് വിധി.

2023 ഏപ്രിലിൽ, കൊച്ചിയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന കെ.എസ്. മാരിയപ്പൻ ഓൺലൈനിലൂടെ 55,000/- രൂപയ്ക്കു വാങ്ങിയ സാംസങ് ഗാലക്സി എസ്21 മൊബൈൽ ഫോണിനു ഗുണനിലവാരം ഇല്ലെന്നു വ്യക്തമായിരുന്നു. നേരത്തെ ഉപയോഗിച്ചതിന്‍റെ പഴക്കവും ബോധ്യപ്പെട്ടു. അധികമായി ഓർഡർ ചെയ്ത ആക്സസറികളും ഫോണിനൊപ്പം ഉണ്ടായിരുന്നില്ല.

എതിർ കക്ഷി ആദ്യം പണം തിരികെ നൽകാൻ വിസമ്മതിച്ചെങ്കിലും പിന്നീട് കൈപ്പറ്റിയ ഫോൺ തിരികെ അയയ്ക്കാനാണ് ഉപയോക്താവിനോട് ആവശ്യപ്പെട്ടത്. ഫോണും കവർ ലെറ്ററും കൊറിയറിൽ അയച്ചെങ്കിലും പണം തിരികെ നൽകുന്നതിൽ എതിർകക്ഷി വീഴ്ചവരുത്തുകയും ഉപയോക്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.

വിശ്വാസവഞ്ചനയിലൂടെ ഉപയോക്താവിനെ കബളിപ്പിച്ചത് അധാർമിക വ്യാപാര രീതിയാണ്. ഇത് ഉപഭോക്തൃ അവകാശങ്ങളുടെ നഗ്നമായ ലംഘനമാണെന്ന്‌ ഡി.ബി. ബിനു അധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് അഭിപ്രായപ്പെട്ടു. ഫോണിന്‍റെ വിലയായ 55,000/- രൂപയും നഷ്ടപരിഹാരം, കോടതിച്ചെലവ് ഇനങ്ങളിൽ 15,000/- രൂപയും 45 ദിവസത്തിനകം പരാതിക്കാരനു നൽകാനാണ് നിർദേശം.

logo
Metro Vaartha
www.metrovaartha.com