മണർകാട് പള്ളിയിൽ നടക്കാനിരിക്കുന്നത് സർക്കാർ സ്പോൺസർ ചെയ്യുന്ന നിയമ ലംഘനമെന്ന് ഓർത്തഡോക്സ് സഭ

സംസ്ഥാനത്തിന്‍റെ അതിഥിയായിട്ടാണ് പാത്രിയർക്കീസ് ബാവ സന്ദർശനം നടത്തുന്നത്.
Orthodox Church terms the situation at Manarcad Church a government-sponsored violation of law
മണർകാട് പള്ളി.sureshanjana
Updated on: 

കോട്ടയം: പാത്രിയർക്കീസ് ബാവയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ഞായറാഴ്ച മണർകാട് പള്ളിയിൽ നടക്കാൻ പോകുന്നത് സർക്കാർ സ്പോൺസേഡ് നിയമ ലംഘനമാണെന്ന് ഓർത്തഡോക്സ് സഭ നേതൃത്വം. 2017ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കണം പാത്രിയർക്കീസ് ബാവയുടെ സന്ദർശനമെന്നും, നിയമലംഘനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നുമാണ് ഡിജിപിക്ക് ഹൈക്കോടതി നിർദേശം നല്‍കിയിട്ടുള്ളത്.

സംസ്ഥാനത്തിന്‍റെ അതിഥിയായിട്ടാണ് പാത്രിയർക്കീസ് ബാവ സന്ദർശനം നടത്തുന്നത്. മണർകാട് പള്ളിയിൽ പാത്രിയർക്കീസ് ബാവ കയറുന്നതും കുർബാന അർപ്പിക്കുന്നതും സുപ്രീം കോടതി വിധിക്ക് എതിരാണ് എന്നിരിക്കെ സർക്കാർ സ്പോൺസർ ചെയ്ത നിയമലംഘനമാവും നടക്കുക എന്ന് സഭയുടെ മാധ്യമ വിഭാഗം തലവൻ ഡോ. യുഹാനോൻ മാർ ദിയസ് കോറസ് മെത്രാപ്പോലീത്ത, സഭ സ്ഥാനികളായ ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, റോണി വർഗീസ്, അഡ്വ. ബിജു ഉമ്മൻ എന്നിവർ പറഞ്ഞു

അതേസമയം സഭാ ഐക്യത്തിനായി മുഖ്യമന്ത്രി നടത്തിയ ആഹ്വാനത്തെ യുഹാനോൻ മാർ ദിയസ് കോറസ് മെത്രാപ്പോലീത്ത സ്വാഗതം ചെയ്തു. മുഖ്യമന്ത്രിയുടെ പ്രസംഗത്തെ സദസിലിരുന്നവർ കൈയടിച്ച്‌ സ്വീകരിച്ചെങ്കിലും വേദിയിലിരുന്നവരുടെ പ്രതികരണം അതേ രീതിയിലായിരുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. മുഖ്യമന്ത്രിയുടെ ആഹ്വാനം സഭ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

സഭാ തർക്കം പരിഹരിക്കുന്നതിനായി യാതൊരു ചർച്ചയും ഈ സർക്കാർ വന്നതിന് ശേഷം നടന്നിട്ടില്ലെന്ന് മെത്രാപ്പോലീത്ത വ്യക്തമാക്കി. സമാധാന ചർച്ച അന്തിമഘട്ടത്തിലാണെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും അത് യാഥാർഥ്യമല്ല. മുഖ്യമന്ത്രിയിലും, സർക്കാരിലുമുള്ള പ്രതീക്ഷ, സഭയ്ക്ക് നഷ്ടപെട്ടിട്ടില്ലെന്നും, സമാധാനത്തിന് വേണ്ടിയുള്ള ഏത് ചർച്ചകൾക്കും ഓർത്തഡോക്സ് സഭ തയ്യാറാണന്നും മെത്രാപ്പോലീത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.