

കേരള ഹൈക്കോടതി
file photo
കൊച്ചി: പച്ചാളം ലെവൽ ക്രോസിനു സമീപത്തെ ഇടുങ്ങിയ റോഡും റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകളും കാരണം അനുഭവപ്പെടുന്ന കടുത്ത ഗതാഗതക്കുരുക്ക് പരിഹരിക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. റെയിൽവേ ഭൂമിയിലേക്ക് ഇലക്ട്രിക് പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള 1.60 ലക്ഷം രൂപയുടെ ഫണ്ട് അനുവദിക്കുന്നതിൽ കൊച്ചി കോർപ്പറേഷനും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡും തമ്മിലുള്ള പരസ്പരവിരുദ്ധമായ വാദങ്ങളിൽ കോടതി കടുത്ത അമർഷം രേഖപ്പെടുത്തി. വിഷയം ഉടനടി പരിഹരിച്ച് തുക അനുവദിച്ചില്ലെങ്കിൽ വരുന്ന സെപ്റ്റംബർ 16-ന് കൊച്ചി കോർപ്പറേഷൻ സെക്രട്ടറിയും കെഎസ്ഇബി എറണാകുളം എക്സിക്യൂട്ടീവ് എൻജിനീയറും കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പച്ചാളം സ്വദേശിയായ പൊതുപ്രവർത്തകൻ സുജിത് സി. സുകുമാരൻ നൽകിയ പൊതുതാൽപ്പര്യ ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്. ഹർജിക്കാരൻ നേരിട്ടാണ് കേസ് വാദിക്കുന്നത്.
പച്ചാളം ഓവർബ്രിഡ്ജിന് സമീപമുള്ള ഇടുങ്ങിയ റോഡും അവിടെ സ്ഥിതി ചെയ്യുന്ന ഇലക്ട്രിക് പോസ്റ്റുകളും കാരണം ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെടുന്നത്. ഈ ഇലക്ട്രിക് പോസ്റ്റുകൾ തൊട്ടടുത്തുള്ള റെയിൽവേ ഭൂമിയിലേക്ക് മാറ്റിസ്ഥാപിച്ചാൽ മാത്രമേ റോഡിന് വീതികൂട്ടാനും സുഗമമായ ഗതാഗതം ഉറപ്പാക്കാനും സാധിക്കൂ. എന്നാൽ തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെയും കോർപ്പറേഷന്‍റെയും കെഎസ്ഇബിയയുടെയും ഭാഗത്തുനിന്നുണ്ടാകുന്ന ഏകോപനമില്ലായ്മയും ഫണ്ട് കൈമാറ്റത്തിലെ വേഗക്കുറവും കാരണം മാസങ്ങളായി ഈ പ്രവൃത്തി അനിശ്ചിതത്വത്തിലായിരുന്നു. കേസ് സെപ്റ്റംബർ 16-ന് വീണ്ടും പരിഗണിക്കും.