

പരുക്കേറ്റ യാത്രക്കാരിയെ വഴിയിൽ ഇറക്കിവിട്ട് ജീവനക്കാർ
Representative image
കളമശേരി: ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനെത്തുടർന്ന് നിയന്ത്രണംവിട്ട് വീണ് കാൽമുട്ടിന് ഗുരുതര പരുക്കേറ്റ യാത്രക്കാരിയെ ജീവനക്കാർ വഴിയിൽ ഇറക്കിവിട്ടതായി ആരോപണം. ആശുപത്രിയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറഞ്ഞതായും യുവതി ആരോപിച്ചു. സൗത്ത് കളമശേരി കുടിലിൽ വീട്ടിൽ കെ.കെ. ബിനേഷിന്‍റെ ഭാര്യ സുമിമോൾ (42) ആണ് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.
ഇടപ്പള്ളിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സുമിമോൾ വെള്ളിയാഴ്ച രാവിലെ 9.30ഓടെയാണ് അപകടത്തിൽപ്പെട്ടത്. സൗത്ത് കളമശേരി ബസ് സ്റ്റോപ്പിൽനിന്ന് KL 58 G 2310 നമ്പറിലുള്ള വഹ്ബിയ ബസിൽ കയറിയ യുവതി, പത്തടിപ്പാലം ബസ് സ്റ്റോപ്പിന് തൊട്ടുമുമ്പ് ബസ് പെട്ടെന്ന് ബ്രേക്കിട്ടതോടെ മുൻവശത്തെ വാതിലിനരികിലെ ചവിട്ടുപടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഈ സമയം സമീപത്തുനിന്നിരുന്ന മറ്റ് രണ്ട് യാത്രക്കാരികളും യുവതിയുടെ മുകളിലേക്ക് വീണു.
പരുക്കേറ്റ യാത്രക്കാരിക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിനോ ആശുപത്രിയിലെത്തിക്കുന്നതിനോ ബസ് ജീവനക്കാർ തയ്യാറായില്ലെന്നാണ് പരാതി. യാത്രക്കാർ പ്രതിഷേധിക്കുകയും ബഹളംവെക്കുകയും ചെയ്തതിനെത്തുടർന്ന് ബസ് നിർത്തിയെങ്കിലും യുവതിയെ ഇറക്കിവിട്ട് യാത്ര തുടരുകയായിരുന്നു.
തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ഓട്ടോറിക്ഷയിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിയാണ് യുവതി ചികിത്സ തേടിയത്. പ്രാഥമിക ചികിത്സയ്ക്കുശേഷം ഭർത്താവും കുടുംബാംഗങ്ങളും എത്തിയതോടെ വിദഗ്ധ ചികിത്സയ്ക്കായി പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്റ്റർമാർ അറിയിച്ചിരിക്കുന്നത്.
ബസിന്‍റെ മുൻവശത്ത് വാതിൽ ഉണ്ടായിരുന്നതിനാലാണ് റോഡിലേക്ക് തെറിച്ചുവീണ് കൂടുതൽ ഗുരുതരമായ അപകടം ഒഴിവായതെന്നും യുവതി പറഞ്ഞു. സംഭവത്തിൽ കളമശേരി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.