

പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ഥലം
കോതമംഗലം: പരുന്തും പാറ സൂയിസൈഡ് പോയിന്‍റിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ്. പീരുമേട് പൊലീസാണ് ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയെ രക്ഷിച്ചത്.
'ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്. എന്‍റെ ഫോണും പണവും പരുന്തും പാറ സൂയിസൈഡ് പോയന്‍റിലിരിപ്പുണ്ട്. ഞാൻ ആത്മഹത്യ ചെയ്യാൻ പോകുന്നു'- എന്ന സന്ദേശം തിങ്കളാഴ്ച രാവിലെ ആലുവ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ ലഭിച്ചിരുന്നു. മലയുടെ ഫോട്ടോയും ഒപ്പമുണ്ടായിരുന്നു. ഉടൻ തന്നെ സൈബർ പൊലീസ് ഇടുക്കി ജില്ലാ വയർലസ് കൺട്രോൾ റൂം, ഇടുക്കി സൈബർ പൊലീസ്, പീരുമേട് പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വിവരമറിയിച്ചു.
പീരുമേട് പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ പെൺകുട്ടി മലയുടെ മുകളിൽ ആത്മഹത്യ ചെയ്യാനൊരുങ്ങി നിൽക്കുകയായിരുന്നു. തുടർന്ന് ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി. പ്ലസ്ടുവിന് ഇഷ്ടവിഷയം പഠിക്കാൻ കഴിയാത്തതിന്‍റെ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആലുവ സൈബർ ക്രൈം പൊലീസ് സിഐ എസ്. സുധീഷ് കുമാർ, എഎസ്ഐ ആർ. ഡെൽജിത്ത്, സീനിയർ സിപിഒ പി.കെ. ദിനേശൻ, സിപിഒ സി. നിഖിൽ എന്നിവർ നേതൃത്വം നൽകി.