പിണവൂർ ജലവൈദ്യുത പദ്ധതിക്കെതിരേ പ്രതിഷേധം രൂക്ഷം

കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം, പിണവൂർ കുടി മേഖലകളിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ജീവിതവും പരിസ്ഥിതിയും തകർക്കുമെന്ന് ആശങ്ക; ജനകീയ പ്രതിഷേധം ശക്തം
Pinavoor hydropower project faces strong protest

പിണവൂരിലെ നിർദിഷ്ട ചെറുകിട ജലവൈദ്യുത പദ്ധതി പ്രദേശം.

Updated on

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടത്ത് രണ്ട് വാർഡുകളിലെ നൂറുകണക്കിനാളുകളുടെ സ്വൈര ജീവിതത്തെ ബാധിക്കുന്ന നിർദിഷ്ട പിണവൂർ 7 മെഗാവാട്ട് ചെറുകിട ജലവൈദ്യുത പദ്ധതി നടപ്പാക്കരുതെന്ന ആവശ്യം ശക്തം.

എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിൽ നിർദിഷ്ട പദ്ധതി പരിസ്ഥിതിയെയും വന്യജീവികളുടെ ആവാസവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്ന് ആരോപിച്ചാണ് വിവിധ ജനകീയ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

മാമലത്തോടിന്‍റെയും അനുബന്ധ ജലസ്രോതസുകളുടെയും സ്വാഭാവിക ഒഴുക്ക് തടസപ്പെടുമെന്നും വന്യജീവികൾക്കും മത്സ്യസമ്പത്തിനും ജൈവവൈവിധ്യത്തിനും പദ്ധതി തിരിച്ചടിയാകുമെന്നും പ്രതിഷേധക്കാർ ആരോപിക്കുന്നു.

തുരങ്ക നിർമാണവും മറ്റ് നിർമാണ പ്രവർത്തനങ്ങളും പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ സുരക്ഷയെ ബാധിക്കുമെന്നും, ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുന്ന പദ്ധതി ഉപേക്ഷിക്കാൻ അധികൃതർ തയാറാകണമെന്നും വാർഡ് മെംബറും, സമരസമിതി നേതാവുമായ പി.സി. അരുൺ പറഞ്ഞു.

നിർദിഷ്ട ജല വൈദ്യുത പദ്ധതിക്കെതിരേ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നിലേക്ക് പ്രദേശവാസികൾ പ്രതിഷേധ മാർച്ചും ധർണയും നടത്തി. പരിസ്ഥിതി ആഘാത പഠനം സുതാര്യമായി നടത്തണമെന്നും പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാതെ പദ്ധതി മുന്നോട്ട് കൊണ്ടുപോകരുതെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

Pinavoor hydropower project faces strong protest

കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലേക്ക് പ്രദേശവാസികൾ നടത്തിയ പ്രതിഷേധ മാർച്ചും, ധർണയും ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. അരുൺ ഉദ്ഘാടനം ചെയ്യുന്നു.

ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ശക്തമായ ജനകീയ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സമരസമിതി മുന്നറിയിപ്പ് നൽകി.

മാമലക്കണ്ടം, പിണവൂർ കുടി, മേഖലകളിലെ ജനങ്ങളും വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്ത പ്രതിഷേധ സമരത്തിൽ കുട്ടമ്പുഴ ആറാം വാർഡ് മെംബർ കെ.പി. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കുട്ടമ്പുഴ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.സി. അരുൺ ഉദ്ഘാടനം ചെയ്തു.

logo
Metro Vaartha
www.metrovaartha.com