ശിവശക്തി വെറും ആനയല്ല, ഇടയാത്ത ആന! മാളയിലും റോബോട്ടിക് ആന

വോയ്സ് ഫോർ എലിഫന്‍റ്സ് (വിഎഫ്എഇ), ആണ് ജീവനുള്ള ആനയുടെ അതേ വലിപ്പമുള്ള റോബോട്ടിക് ആനയെ ക്ഷേത്രത്തിനു നൽകിയത്.
Robotic elephant mala temple
ശിവശക്തി വെറും ആനയല്ല, ഇടയാത്ത ആന! മാളയിലും റോബോട്ടിക് ആന
Updated on

തൃശൂർ: 10 അടി ഉയരവും 600 കിലോ ഭാരവുമുള്ള ലക്ഷണമൊത്ത ആന.. ഇടയുമെന്നോ ആക്രമിക്കുമെന്നോ ഉള്ള ഭയവും വേണ്ട. തൃശൂർ മാളയ്ക്കടുത്തുള്ള ചക്കാംപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിലാണ് ശിവശക്തി എന്ന് പേരിട്ട റോബോട്ടിക് ആന എത്തിയിരിക്കുന്നത്. വോയ്സ് ഫോർ എലിഫന്‍റ്സ് (വിഎഫ്എഇ), ആണ് ജീവനുള്ള ആനയുടെ അതേ വലിപ്പമുള്ള റോബോട്ടിക് ആനയെ ക്ഷേത്രത്തിനു നൽകിയത്. ഫൈബറും റബറും കൊണ്ട് നിർമ്മിച്ച ശിവശക്തിയുടെ കണ്ണുകളും കാതുകളും വാലും തുമ്പിക്കൈയും വൈദ്യുതിയാലാണ് ചലിക്കുന്നത്. ക്ഷേത്ര ചടങ്ങുകൾക്ക് തടസം വരാത്തവിധം നാലാളുകളെ വരെ വഹിക്കാനും കഴിയും. ചാലക്കുടിയിലുള്ള ഫോർ ഹാർട്സ് ക്രിയേഷൻസ് ആണ് ശിവശക്തിയെ നിർമ്മിച്ചിരിക്കുന്നത്. കേരള-തമിഴ്‌നാട് അതിർത്തിയിലുള്ള മലയാളി ക്ഷേത്രമായ ശ്രീശങ്കരൻ കോവിലിൽ തമിഴ്‌നാട്ടിലെ ആദ്യത്തെ റോബോട്ടിക് ആനയെ അവതരിപ്പിച്ച് വിജയിച്ചതിനെ തുടർന്നാണ് വിഎഫ്എഇ മാളയിലും റോബോട്ടിക് ആനയെ പുറത്തിറക്കിയത്.

റോബോട്ടിക് ആനയെ കൊണ്ടുവരിക എന്നത് പാരമ്പര്യത്തെ ഉപേക്ഷിക്കലല്ല, മറിച്ച് കനിവോടെയും അറിവോടെയും സ്വയം വളരുക എന്നതാണ് അർത്ഥമാക്കുന്നത്. നാം നമ്മുടെ പൈതൃകത്തെ ശരിക്കും വിലമതിക്കുന്നുണ്ടെങ്കിൽ മനുഷ്യനെയും ആനയേയും ഒരുപോലെ, ജീവനുള്ള എല്ലാത്തിനെയും ബഹുമാനിച്ചു കൊണ്ടുള്ള പുരോഗമനത്തെ ചേർത്തുപിടിക്കണം”വിഎഫ്എഇയുടെ സ്ഥാപക എക്സിക്യൂട്ടീവ് ഡയറക്ട‌ർ സംഗീത അയ്യർ പറഞ്ഞു.

രണ്ടു മാസത്തിനിടെ ആനയെടുത്തത് 6 ജീവനുകൾ

2025 ആരംഭിച്ച് വെറും രണ്ട് മാസങ്ങൾക്കുള്ളിൽ തന്നെ ആറുപേർക്കാണ് നാട്ടാനകൾ മൂലം ജീവൻ നഷ്ടപ്പെട്ടത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ ക്ഷേത്രോത്സവത്തിനിടെ ചൂടും വെടിക്കെട്ടും മൂലം പരിഭ്രാന്തരായ രണ്ട് ആനകൾ ഇടഞ്ഞതിനെ തുടർന്നുണ്ടായ അപകടത്തിൽ 3 പേർക്ക് ജീവൻ നഷ്ടമാകുകയും അമ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തൃശൂരിലെ മറ്റൊരു സംഭവത്തിൽ ഇടഞ്ഞ ആന അതിന്റെ പാപ്പാനെ കുത്തിയതിന് ശേഷം 14 കിലോമീറ്റർ ഓടുകയും നാട്ടുകാരെ പരിഭ്രാന്തരാക്കുകുകയും ചെയ്തു. 2024ൽ ആനകളെ ഉപദ്രവിച്ചും അവഗണിച്ചും രോഗത്താലും 24 നാട്ടാനകളാണ് ചരിഞ്ഞത്. കഴിഞ്ഞ 6 വർഷത്തിനിടെ 154 ആനകൾ ചരിയുകയും കണക്കില്ലാത്ത നാശം മനുഷ്യർക്ക് വരുത്തിവയ്ക്കുകയും ചെയ്തു.

“റോബോട്ടിക് ആന എന്ന ആശയത്തിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ജീവനുള്ള ആനകളെ ഉപയോഗിക്കുന്നതിലെ ധാർമ്മിക പ്രശ്നങ്ങളും ആനകൾ ഉണ്ടാക്കുന്ന സുരക്ഷാ പ്രശ്നങ്ങളും സംബന്ധിച്ച് കൂടുതൽ ക്ഷേത്രങ്ങൾക്കിടയിൽ അവബോധം വന്നു കൊണ്ടിരിക്കുകയാണെന്ന് “ചക്കാംപറമ്പ് ശ്രീ ഭഗവതി ക്ഷേത്രത്തിന്‍റെ പബ്ലിക് ട്രസ്റ്റായ വിജ്ഞാനദായിനി സഭാ പ്രസിഡന്‍റ് സി.ഡി ശ്രീനാഥ് പറഞ്ഞു.

സ്വന്തമായി റോബോട്ടിക് ആനയെ വേണമെന്നുള്ള ക്ഷേത്രങ്ങൾ അപേക്ഷ സമർപ്പിച്ചാൽ സ്പോൺസർ ചെയ്യുന്നതിനായി സംഘടന പരിഗണിക്കുന്നതായിരിക്കും.

ആനകളുടെ സംരക്ഷണം ഉറപ്പാക്കി വിഎഫ്ഇ

കാട്ടാനകളുടെ സംരക്ഷണത്തിലും വിഎഫ്എഇ സ്വാധീനം ചെലുത്തുന്നുണ്ട്. തെക്കൻ നിലമ്പൂരിലെ ഏകദേശം 340 കാട്ടാനകൾക്കായി സംഘടന അടുത്തിടെ 4 ഏക്കർ സ്വകാര്യ തോട്ടം കേരള വനം വകുപ്പിന് സംഭാവന നൽകി. അത്യാധുനിക എഐ അടിസ്ഥാനമാക്കിയുള്ള എലിസെൻസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ 2023 ജനുവരിക്കും 2024 നവംബറിനുമിടയിൽ പശ്ചിമബംഗാളിൽ 1,139 ആനകളെ ട്രെയിൻ ഇടിക്കുന്നതിൽ നിന്ന് രക്ഷിച്ചു. ആനകൾക്ക് പ്രിയമായ 50,300 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. 200 ഓളം ആദിവാസികൾക്ക് ജോലിയും നൽകി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com