കോട്ടയത്തെ കർഷക കൂട്ടായ്മകൾ രാജ്യാന്തര വിപണിയിലേക്ക്

ലോകബാങ്ക് സഹകരണത്തോടെ കേര പദ്ധതിയിലൂടെ ചെറുകിട കർഷക കൂട്ടായ്മകൾക്ക് ദേശീയ-അന്താരാഷ്ട്ര വിപണിയുമായി നേരിട്ടുള്ള ബന്ധവും സുസ്ഥിര വിലയും ലക്ഷ്യം
Kottayam Farmers: Kerala KERA project

ബോധവത്കരണ പരിപാടി ജില്ലാ കൃഷി ഓഫിസർ സി. ജോസ് ഉദ്ഘാടനം ചെയ്തു.

Updated on

കോട്ടയം: ചെറുകിട കർഷകരെയും അവരുടെ കൂട്ടായ്മകളെയും ശക്തിപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങളെ ദേശീയ - അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തി സുസ്ഥിര വിലയും വിപണിയും ഉറപ്പുവരുത്തുന്നതിനായുള്ള പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമാവുന്നു. ലോകബാങ്കിന്‍റെ സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയിലെ പ്രൊഡക്റ്റിവ് അലയൻസ് സ്കീമിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുക. ഇത് സംബന്ധിച്ച് ജില്ലയിലെ കർഷ കൂട്ടായ്മകൾക്കുള്ള ബോധവത്കരണ പരിപാടി ജില്ലാ കൃഷി ഓഫിസർ സി. ജോസ് ഉദ്ഘാടനം ചെയ്തു.

മാനദണ്ഡങ്ങൾക്കനുസൃതമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട കർഷക കമ്പനികളാണ് അവരുടെ ഉൽപ്പന്നങ്ങൾ വാങ്ങിക്കുവാൻ പ്രാപ്തിയുള്ള അഗ്രി ബിസിനസ് കമ്പനികളുമായി നേരിട്ട് കരാറുണ്ടാക്കി പ്രൊഡക്റ്റിവ് അലയൻസിന്‍റെ ഭാഗമാവുക. ഇതിനായി പരമാവധി രണ്ടു കോടി രൂപ വരെ ഗ്രാന്‍റായി ഓരോ അലയൻസിനും അനുവദിക്കും. ഹോട്ടൽ ഫ്ലോറൽ പാലസിൽ നടന്ന ചടങ്ങിൽ കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്റ്റർ നിഷ മറിയ സിറിയക് മുഖ്യ പ്രഭാഷണം നടത്തി.

കേര കോട്ടയം റീജിയണൽ ഡെപ്യൂട്ടി ഡയറക്റ്റർ സിന്ധു കെ.മാത്യുവിന്‍റെ അധ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ പ്രൊജക്റ്റ് മാനേജർ ഡോ.എം.നിതീഷ് ബാബു പദ്ധതി വിശദീകരിച്ചു. വിവിധ കർഷക കമ്പനികളെ പ്രതിനിധീകരിച്ച് ടോം ജേക്കബ് (കാഞ്ഞിരമറ്റം എഫ്.പി.സി), സണ്ണി എബ്രഹാം (കാഞ്ഞിരപ്പള്ളി എഫ്.പി.സി) എന്നിവർ സംസാരിച്ചു. കേര പ്രോജക്ട് കൺസൾട്ടന്‍റ് ജിഷ്ണു സുരേഷ് പോർട്ടൽ പരിചയപ്പെടുത്തി. പ്രോജക്ട് കൺസൾട്ടന്‍റ് ബി. ബിബിൻ നന്ദി പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com