ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് അന്തിമ സെലക്ഷൻ യോഗം മാർ അത്തനേഷ്യസ് കോളെജിൽ നടന്നു

എംഎസ്‌സി ഗ്രീൻ ഹൈഡ്രജൻ പ്രോഗ്രാം ഇന്ത്യയിൽ തന്നെ ആദ്യം ആരംഭിച്ചിരിക്കുന്നത് കോതമംഗലം എംഎ കോളെജിലായതിനാലാണ് ഈ സെലക്ഷൻ യോഗം ഇവിടെ നടന്നത്
When the final selection meeting for the India-Netherlands Hydrogen Fellowship was held at Mar Athanasius College

ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് അന്തിമ സെലക്ഷൻ യോഗം മാർ അത്തനേഷ്യസ് കോളെജിൽ നടന്നപ്പോൾ

Updated on: 

കോതമംഗലം: ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ ഫെലോഷിപ്പ് പ്രോഗ്രാമിന്‍റെ അന്തിമ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് യോഗം മാർ അത്തനേഷ്യസ് കോളെജിൽ നടന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഗവേഷകരാണ് രണ്ട് ദിവസങ്ങളിലായി നടന്ന യോഗത്തിൽ പങ്കെടുത്തത്.

‌ഗ്രീൻ ഹൈഡ്രജൻ മേഖലയിലെ ഗവേഷണങ്ങൾക്കും നൂതന സാങ്കേതികവിദ്യകൾക്കും പ്രാധാന്യം നൽകിയാണ് ഫെലോഷിപ്പ് പ്രോഗ്രാം സംഘടിപ്പിച്ചത്. എംഎസ്‌സി ഗ്രീൻ ഹൈഡ്രജൻ പ്രോഗ്രാം ഇന്ത്യയിൽ തന്നെ ആദ്യം ആരംഭിച്ചിരിക്കുന്നത് കോതമംഗലം എംഎ കോളെജിലായതിനാലാണ് ഈ സെലക്ഷൻ യോഗം ഇവിടെ നടന്നത്.

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്‍റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി (ഡിഎസ്ടി) യുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ഡിഎസ്‌ടി ഹെഡ് ആൻഡ് അഡ്വൈസർ ഡോ. നിഷ മെൻഡിരാട്ട, ഇന്ത്യ-നെതർലൻഡ്സ് ഹൈഡ്രജൻ വിഭാഗം സയന്‍റിസ്റ്റ് ആൻഡ് സീനിയർ ഡയറക്റ്റർ ഡോ. രഞ്ജിത്ത് കൃഷ്ണ പൈ, ഫെലോഷിപ്പ് ചെയർപേഴ്സൺ പ്രൊഫ. പ്രതിഭ ശർമ്മ (ഐഐടി മുംബൈ), പ്രൊഫ. ചന്ദ്രമൗലി സുബ്രഹ്മണ്യൻ (ഐഐടി മുംബൈ), ഡോ. നീന ജോൺ (സിഇഎൻഎസ് ബെംഗളൂരു), പ്രൊഫ. രാജു കുമാർ ഗുപ്ത (ഐഐടി കാൺപൂർ), പ്രൊഫ. അരവിന്ദ് കുമാർ ചന്ദിരൻ (ഐഐടി മദ്രാസ്), പ്രൊഫ. രാജേന്ദ്ര കുമാർ സിംഗ് (ബനാറസ് ഹിന്ദു സർവകലാശാല, വാരണാസി), പ്രൊഫ. വിഷ്ണു ബുഡമ (പുനെ എച്ച്‌വിഐസി), പ്രൊഫ. നാഗഫണി എടുക്കുരി (ഐഐഎസ്‌സി ബെംഗളൂരു), ഡോ. മഞ്ജു കുര്യൻ, ഡോ. സ്മിത തങ്കച്ചൻ, ഡോ. സനു മാത്യു സൈമൺ (മാർ അത്തനേഷ്യസ് കോളെജ് ) എന്നിവരടങ്ങുന്ന വിദഗ്ധർ യോഗത്തിൽ പങ്കെടുത്തു.

രണ്ടാം ദിവസം അമേസ്റ്റ് പ്രോഗ്രസ് റിവ്യൂ മീറ്റിങ് നടന്നു. ഗ്രീൻ ഹൈഡ്രജൻ മേഖലയിൽ നടന്നുവരുന്ന ഗവേഷണങ്ങളുടെ പുരോഗതി വിലയിരുത്തുകയാണ് ഈ യോഗത്തിന്‍റെ ലക്ഷ്യമെന്നും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 60ൽ പരം ഗവേഷക വിദ്യാർഥികളാണ് ഫെലോഷിപ്പിന്‍റെ അന്തിമ സെലക്ഷൻ യോഗത്തിൽ പങ്കെടുത്തതെന്നും പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പറഞ്ഞു.