

കനത്ത മഴയിൽ തിരുവനന്തപുരം നഗരത്തിലെ റോഡുകളിൽ വെള്ളം കയറിയപ്പോൾ.
തിരുവനന്തപുരം: ഒരിടവേളക്ക് ശേഷം തെക്കന്‍ കേരളത്തില്‍ മഴ ശക്തമായി. ഇന്നലെ ഉച്ചയോടെ ഒറ്റ മണിക്കൂർ നിന്നു പെയ്ത മഴയില്‍ തിരുവനന്തപുരം നഗരം വെള്ളത്തില്‍ മുങ്ങി. 91 മില്ലിമീറ്റര്‍ മഴയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്. കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും ശബരിമല സന്നിധാനത്തും കിഴക്കൻമേഖലകളിലടക്കം കനത്ത മഴയാണ് അനുഭവപ്പെട്ടത്.
തിരുവനന്തപുരം തമ്പാനൂരില്‍ വെള്ളം ഒഴുകിപ്പോകാതായതോടെ റോഡുകള്‍ മുങ്ങി. റെയ്‌ല്‍വേ സ്‌റ്റേഷന്‍റെയും ബസ് സ്റ്റാന്‍ഡിന്‍റെയും മുന്നിലെ റോഡ് പൂര്‍ണമായും മുങ്ങി. വ്യാഴാഴ്ച രാവിലെ 11.30 മുതല്‍ 12.30 വരെ ശക്തമായ മഴയാണ് ലഭിച്ചത്. അപ്രതീക്ഷിതമായി വെള്ളം പൊങ്ങിയതോടെ റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകളും ബൈക്കുകളും വെള്ളത്തിലായി. മുട്ടോളം നിറഞ്ഞ മലിനജലത്തിലൂടെ നടന്നാണ് പലരും റെയ്‌ല്‍വേ സ്‌റ്റേഷനിലെക്കും ബസ് സ്റ്റാന്‍ഡിലേക്കും എത്തിയത്. പൊലീസുകാർ ഇടപെട്ടാണ് കാനയിലെ പാഴ്വസ്തുക്കൾ അടക്കം നീക്കി ജലം ഒഴുക്കിവിട്ടത്.
മഴയ്ക്ക് പിന്നാലെ നഗരം വെള്ളത്തിൽ മുങ്ങിയത് ബിജെപി ഭരിക്കുന്ന നഗരസഭയുടെ അനാസ്ഥ മൂലമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മും കോൺഗ്രസും പ്രതിഷേധവുമായെത്തി. മുൻ മന്ത്രി വി. ശിവൻകുട്ടിയുടെയും മുൻ എംഎൽഎ വി.കെ. പ്രശാന്തിന്‍റെയും നേതൃത്വത്തിൽ തമ്പാനൂർ പൊലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധം നടത്തി.
അതേസമയം, കന്യാകുമാരി മുതല്‍ കര്‍ണാടക വരെ നീണ്ടുനില്‍ക്കുന്ന ന്യൂനമര്‍ദ പാത്തിയുടെയും ലക്ഷദ്വീപിന് മുകളിലെ ചക്രവാതച്ചുഴിയുടെയും സ്വാധീനത്തില്‍ കേരളത്തില്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തെക്കന്‍ ജില്ലകളിലാണ് കൂടുതല്‍ മഴയ്ക്ക് സാധ്യത. വെള്ളിയാഴ്ചയും ഇടിമിന്നലോടു കൂടിയ മഴയാണ് പ്രവചിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റും നിറഞ്ഞ മഴയ്ക്കാണ് സാധ്യത. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല.