ലഹരിക്കെതിരേ വിദ്യാർഥികളെയും യുവജനങ്ങളെയും അണിനിരത്തി കോതമംഗലത്ത് തൂഫാൻ ക്യാമ്പയിൻ

നവംബർ 26ന് രാവിലെ 11.30 ന് കോതമംഗലം എംഎ കോളെജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കും
MLA Shibu Thekkumpuram speaks at a consultative meeting held as part of the 'Toofan' anti-drug campaign.

ലഹരിക്കെതിരായ തൂഫാൻ ക്യാമ്പയിന്‍റെ ഭാഗമായി നടന്ന ആലോചനായോഗത്തിൽ ഷിബു തെക്കുംപുറം എംഎൽഎ സംസാരിക്കുന്നു

Updated on: 

കോതമംഗലം: ലഹരിക്കെതിരേ വിദ്യാർഥികളെയും യുവജനങ്ങളെയും അണിനിരത്തി കോതമംഗലത്ത് തൂഫാൻ ക്യാമ്പയിനിന്‍റെ ഭാഗമായി വിപുലമായ പരിപാടി സംഘടിപ്പിക്കുന്നു. നവംബർ 26ന് രാവിലെ 11.30 ന് കോതമംഗലം എംഎ കോളെജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പങ്കെടുക്കും. മണ്ഡലത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി 5000 വിദ്യാർഥികളെ പങ്കെടുപ്പിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തൂഫാൻ പദ്ധതിയുടെ പ്രോട്ടോക്കോൾ അനുസരിച്ച് വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളെ തൂഫാൻ വാരിയർമാരായി അണിനിരത്തി ലഹരിവിരുദ്ധ പോരാട്ടത്തിൽ സജീവ പങ്കാളികളാക്കുകയാണ് ലക്ഷ്യം. വിദ്യാർഥികൾക്കൊപ്പം അധ്യാപകരുടെയും വിവിധ വകുപ്പുകളുടെയും പൊതുസമൂഹത്തിന്‍റെയും പങ്കാളിത്തവും ഉറപ്പാക്കും.

ലഹരി ഉപയോഗം കുട്ടികളുടെയും മുതിർന്നവരുടെയും ജീവിതവും ആരോഗ്യവും തകർക്കുന്ന ഗുരുതരമായ സാമൂഹിക വിപത്തായി മാറിയിരിക്കുകയാണ്. ലഹരിക്കെതിരേ സന്ധിയില്ലാത്ത പോരാട്ടത്തിനായി വിദ്യാർഥികളെയും പൊതുസമൂഹത്തെയും ഒരുമിപ്പിക്കുന്ന കോതമംഗലത്തിന്‍റെ മുന്നേറ്റത്തിന് നവംബർ 26-ലെ പരിപാടി ആവേശകരമായ തുടക്കമാകുമെന്ന് ഷിബു തെക്കുംപുറം എംഎൽഎ പറഞ്ഞു.

പരിപാടിയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി എംഎൽഎ ഓഫീസിൽ ചേർന്ന ആലോചനായോഗം ഷിബു തെക്കുംപുറം എംഎൽഎയുടെ അധ്യക്ഷതയിൽ നടന്നു. നഗരസഭാ ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, മുവാറ്റുപുഴ ഡിവൈഎസ്പി എ.ജെ. മനോജ്, എക്സൈസ് ഉദ്യോഗസ്ഥർ, കോതമംഗലത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.