പരിഹാരമില്ലാതെ അങ്കമാലിയിലെ ഗതാഗതക്കുരുക്ക്; നിരാഹാരസമരവുമായി മർച്ചന്‍റ്സ് അസോസിയേഷൻ

ബുധനാഴ്ച രാവിലെ 10.00 മുതൽ ജനുവരി 25 ശനി വൈകീട്ട് 6.00 വരെ അങ്കമാലി പഴയ മുനിസിപ്പൽ ഓഫീസിന് മുൻപിലാണ് റിലേ നിരാഹാരസമരം.
traffic block in angamaly roads, merchants association announces relay hunger strike
പരിഹാരമില്ലാതെ അങ്കമാലിയിലെ ഗതാഗതക്കുരുക്ക്; നിരാഹാരസമരവുമായി മർച്ചന്‍റ്സ് അസോസിയേഷൻ
Updated on

അങ്കമാലി: അങ്കമാലിയിലെ ഗതാഗതക്കുരുക്ക് ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുവാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അങ്കമാലി മർച്ചന്‍റ്സ് അസോസിയേഷന്‍റെ നേതൃത്വത്തിൽ “സുഗമ സഞ്ചാര അവകാശ സമരം 2025”എന്ന പേരിൽ റിലേ നിരാഹാര സത്യാഗ്രഹ സമരം നടത്തുന്നു. ബുധനാഴ്ച രാവിലെ 10.00 മുതൽ ജനുവരി 25 ശനി വൈകീട്ട് 6.00 വരെ അങ്കമാലി പഴയ മുനിസിപ്പൽ ഓഫീസിന് മുൻപിലാണ് റിലേ നിരാഹാരസമരം.

അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ സമീപത്തുള്ള മുഖ്യപട്ടണം എന്ന നിലയിലും എംസി റോഡും എൻ എച്ചും സന്ധിക്കുന്ന നഗരം എന്ന നിലയിലും വളരെയേറെ പ്രാധാന്യമുള്ള പ്രദേശമാണ് അങ്കമാലി. വിമാനത്താവളത്തിന്‍റെ വരവോടുകൂടി പ്രതീക്ഷിച്ച രീതിയിൽ അങ്കമാലിക്ക് വേണ്ടത്ര വികസനം കൈവന്നില്ല. കൂടാതെ വിമാനത്താവളത്തിലേക്കുള്ള യാത്രക്കാരുടെ ബാഹുല്യവും വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടാകുന്ന ക്രമാതീതമായ വളർച്ചയും പരിഗണിച്ച് വേണ്ടത്ര പഠനങ്ങൾ നടത്തി പുതിയ റോഡുകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താത്തതിനാലാണ് അങ്കമാലിയിൽ ഗതാഗതക്കുരുക്ക് ഒഴിയാത്തത്.

സമീപപ്രദേശങ്ങളിൽ നിന്നുള്ളവർ അങ്കമാലിയിലേക്ക് വരുവാൻ ഭയപ്പെടുകയാണ്. വ്യാപാരികൾക്ക് കനത്ത വ്യാപാരനഷ്ടമാണ് അതു മൂലമുണ്ടാകുന്നത്. അസോസിയേഷൻ പ്രസിഡന്‍റ് ജോണി കുര്യാക്കോസിന്‍റെ അധ്യക്ഷതയിൽ തുടങ്ങുന്ന സമരത്തിന്‍റെ ഉദ്ഘാടനം കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്‍റ് രാജു അപ്സര നിർവഹിക്കും. വൈകീട്ട് 6.00 ന് നടക്കുന്ന പൊതുസമ്മേളനത്തിൽ റിട്ടയേർഡ്. ജസ്റ്റിസ് ബി. കെമാൽ പാഷ മുഖ്യപ്രഭാഷണം നടത്തും.

ശനിയാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം ചാലക്കുടി എം.പി ബെന്നി ബഹനാൻ ഉദ്ഘാടനം ചെയ്യുന്നു. അങ്കമാലി എംഎൽഎ റോജി എം.ജോൺ, അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ്, മുൻ മന്ത്രി ജോസ് തെറ്റയിൽ, മുൻ എംഎൽഎ പി.ജെ. ജോയ് തുടങ്ങിയ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും

അസോസിയേഷൻ ജനറൽ സെക്രട്ടറി ബിജു പൂപ്പത്ത്, ട്രഷറർ ഡെന്നി പോൾ, വൈസ് പ്രസിഡന്‍റ് തോമസ് കുര്യാക്കോസ്, വൈസ് പ്രസിഡന്‍റ് ബിനു തരിയൻ, സെക്രട്ടറി ബിജു കെ.പി., സെക്രട്ടറി ജോബി ജോസ്, മർച്ചന്‍റ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എൻ. വി. പോളച്ചൻ ഉൾപ്പെടെയുള്ളവർ നേതൃത്വം നൽകും

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com