കുരങ്ങു ശല്യത്താൽ ജീവിതം വഴിമുട്ടി വടാട്ടുപാറ ഗ്രാമവാസികൾ; തിരിഞ്ഞുനോക്കാതെ വനപാലകർ

നിരവധി തവണ അറിയിച്ചിട്ടും വലപാലകർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഗ്രാമവാസികളുടെ പരാതി

A troop of monkeys perched on the roof of Sreekumar's house—Kopparathekkethil—at Palavanpadi, Vadattupara.

വടാട്ടുപാറ പലവന്‍പടിയിലെ കൊപ്പാറത്തെക്കേതില്‍ ശ്രീകുമാറിന്‍റെ വീട്ടിന്‍റെ മുകളിലിരിക്കുന്ന കുരങ്ങു കൂട്ടം

Updated on

കോതമംഗലം: കുരങ്ങു ശല്യത്താൽ ജീവിതം വഴിമുട്ടി വടാട്ടുപാറ ഗ്രാമവാസികൾ. നിരവധി തവണ അറിയിച്ചിട്ടും വലപാലകർ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് ഗ്രാമവാസികളുടെ പരാതി.

വടാട്ടുപാറ പലവന്‍പടിയിലെ കൊപ്പാറത്തെക്കേതില്‍ ശ്രീകുമാറിന്‍റെ വീട്ടില്‍ പത്തിലേറെ കുരങ്ങുകളാണ് ഇന്നലെ ഒരേസമയം തിമിര്‍ത്താടിയത്. അകത്തും പുറത്തും അവ എത്താത്ത ഇടമൊന്നുമില്ല. രാവിലെ ഏഴുമുതല്‍ തുടങ്ങിയ വാനരന്‍മാരുടെ അങ്കം മണിക്കൂറുകളോളം തുടര്‍ന്നു. രക്ഷയ്ക്കായി വനപാലകരെ പല പ്രാവശ്യം വിളിച്ചെങ്കിലും തിരിഞ്ഞുനോക്കിയില്ല.

മുൻപ് ഒരു കച്ചവട സ്ഥാപനം നടത്തിയിരുന്നയാളാണ് ശ്രീകുമാര്‍. വാടകമുറിയില്‍ കടയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോള്‍ വീടിന്‍റെ മുകള്‍നിലയിലാണ് സാധനങ്ങള്‍ നിരത്തിവച്ചിരിക്കുന്നത്. ഇവിടെയാണ് കുരങ്ങന്‍മാര്‍ ഏറെനേരവും വിലസിയത്. പലചരക്ക് സാധനങ്ങളും വസ്ത്രങ്ങളും ഗ്യാസ് സ്റ്റൗ സംബന്ധമായ വസ്തുക്കളും പൂജാസാമഗ്രികളുമെല്ലാം നശിപ്പിക്കപ്പെട്ടു. പ്രദേശത്തെ മറ്റ് ചില വീടുകളിലും കുരങ്ങ് കൂട്ടത്തിന്‍റെ ശല്യമുണ്ടായിരുന്നു. വീടിന്‍റെ പരിസരത്തെ തെങ്ങുകളില്‍ നിന്ന് തേങ്ങയും മച്ചിങ്ങയുമെല്ലാം പറിച്ചിടുകയും ചെയ്തു. വനത്തില്‍ നിന്നും ഒരു കിലോമീറ്ററിലധികം ദൂരെയാണ് ശ്രീകുമാറിന്‍റെ വീട്.

മാസങ്ങള്‍ക്ക് മുൻപും കുരങ്ങുകള്‍ ശ്രീകുമാറിന്‍റെ വീട്ടില്‍ അതിക്രമം നടത്തിയിരുന്നു. പതിനായിരക്കണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചതാണ്. അക്ഷയ സെന്‍റര്‍വഴി അപേക്ഷിച്ചാല്‍ നഷ്ടപരിഹാരം വാങ്ങിത്തരാമെന്നായിരുന്നു വനംവകുപ്പിന്‍റെ വാഗ്ദാനം. പട്ടയം ഇല്ലെന്ന കാരണത്തില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ പോലും ശ്രീകുമാറിന് കഴിഞ്ഞില്ല. കുരങ്ങ് ശല്യത്തില്‍ നിന്ന് നാടിനെ രക്ഷിക്കണമെന്നാണ് ശ്രീകുമാറിന്‍റെയും മറ്റ് നാട്ടുകാരുടെയും സര്‍ക്കാരിനോടുള്ള അപേക്ഷ.

logo
Metro Vaartha
www.metrovaartha.com