
കോട്ടപ്പടിയിൽ ബൈക്കുകൾക്കു നേരേ പാഞ്ഞടുത്ത് കാട്ടാന
കോതമംഗലം: കോട്ടപ്പടി പഞ്ചായത്തിലെ പ്ലാമുടിയിൽ രണ്ട് ബൈക്കുകളിൽ എത്തിയ യുവാക്കൾക്കു നേരേ കാട്ടാന പാഞ്ഞടുത്തു. ബൈക്ക് ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെട്ടു. കർണൂർ കോയലേക്കാട്ട് അനിൽ, മാമ്പിള്ളിയിൽ ഇന്‍റീരിയർ സ്ഥാപനം നടത്തുന്ന നിധീഷ് എന്നിവരാണ് ആനയുടെ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടത്. പ്ലാമുടിയിൽനിന്ന് കർണൂർക്ക് പോകുംവഴിയിൽ മാമ്പിള്ളിയിൽ ഇന്‍റീരിയർ സ്ഥാപനത്തിന് മുന്നിൽവെച്ച് വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. പരിസരത്തെ പുരയിടത്തിൽ ഉണ്ടായിരുന്ന ആറ് ആനകളെ നാട്ടുകാർ ഒച്ചവെച്ച് തുരത്തിയോടിക്കുകയായിരുന്നു.
ഇതിനിടെ റോഡിലേക്കിറങ്ങിയ പിടിയാനയാണ് ബൈക്കുകൾക്കു നേരേ തിരിഞ്ഞത്. സ്ഥാപനം അടച്ച് ബൈക്കിൽ വീട്ടിലേക്ക് പോകാൻ തുടങ്ങിയ സമയത്താണ് നിധീഷിനെ ആന ആക്രമിക്കാൻ വന്നത്. തൊട്ടുപിന്നാലെ പയ്യാൽ ക്കവലയിൽനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു അനിൽ.
ആന പാഞ്ഞടുക്കുന്നതുകണ്ട് അനിൽ ബൈക്ക് ഉപേക്ഷിച്ച് ഓടിമാറുകയായിരുന്നു. ആളുകൾ ഒച്ചവെച്ചതുകൊണ്ട് ആന റോഡിലൂടെ ഓടിപ്പോയി. അനിലിൻ്റെ ബൈക്ക് ചവിട്ടിമറിച്ചിട്ടാണ് ആന കടന്നുപോയത്. കോട്ടപ്പടിയിൽ ജനവാസ മേഖലയിലൂടെ കാട്ടാനകൾ കടന്നു പോകുന്നത് പരിഭ്രാന്തി പരത്തുന്നുണ്ട്.