
പരിഭ്രാന്തി പരത്തി കാട്ടാനകൾ; ജനപ്രതിനിധികൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് ആരോപണം
കോതമംഗലം: മൂവാറ്റുപുഴ നിയോജകമണ്ഡലത്തിലെ പൈങ്ങോട്ടൂർ പഞ്ചായത്തിൽ കാട്ടാനകൾ പരിഭ്രാന്തി പരത്തിയ സംഭവത്തിൽ ജനപ്രതിനിധികൾക്കെതിരേ വിമർശനം. വിഷയത്തിൽ എംഎൽഎയോ, എംഎൽഎയുടെ ഓഫീസോ ഇടപെട്ടില്ലയെന്ന് ഡി വൈ എഫ് ഐ ആക്ഷേപം ഉന്നയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്‍റെയും, പൊതുപ്രവർത്തകരുടെയും നിരന്തരമായ ഇടപെടലിന്‍റെ ഭാഗമായിട്ടാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തി ആനകളെ കാട്ടിലേക്ക് കടത്തിവിടുന്നതിനുള്ള ശ്രമം ആരംഭിച്ചത്.
നിരന്തരമായി വന്യമൃഗ ശല്യം നേരിടുന്ന പൈങ്ങോട്ടൂർ പഞ്ചായത്തിൽ ഇതിനു പരിഹാരം കാണുന്നതിന് ആവശ്യമായ ഫണ്ട് വകയിരുത്തുന്നതിന് എംപി ഡീൻ കുര്യാക്കോസോ, എംഎൽഎ മാത്യു കുഴൽനാടനോ തയ്യാറാകുന്നില്ലയെന്നാണ് ഡി വൈ എഫ് ഐ പ്രവർത്തകരുടെ പരാതി. എവിടെയെങ്കിലും വന്യമൃഗ ആക്രമണത്തിലോ മറ്റെന്തെങ്കിലും അപകടം സംഭവിച്ചാൽ മൃതശരീരം അടക്കം എടുത്ത് സമരാഭാസം നടത്തുന്ന എം പി ഡീൻ കുര്യാക്കോസും, എംഎൽഎയും സ്വന്തം നാട്ടിൽ ഉണ്ടായ വന്യമൃഗ ആക്രമണങ്ങളിൽ നിസ്സംഗത കാണിക്കുകയാണ്.
സമീപ നിയമസഭാ മണ്ഡലമായ കോതമംഗലത്ത് എംഎൽഎ ആന്‍റണി ജോണിന്‍റെ നേതൃത്വത്തിൽ വന്യമൃഗ ആക്രമണങ്ങൾ തടയുന്നതിന് വേണ്ടി കോടിക്കണക്കിന് രൂപയാണ് ട്രഞ്ചിനും, വൈദ്യുതി വേലിക്കും വേണ്ടി വകയിരുത്തി പ്രവർത്തനം പൂർത്തീകരിക്കുകയും പുതിയ പദ്ധതികൾ ആരംഭിച്ചിട്ടുമുള്ളത്. കോതമംഗലം നിയോജക മണ്ഡലത്തിനുള്ളിൽ കൂടുതൽ വാഹനങ്ങൾ വാങ്ങുകയും ഫോറസ്റ്റ് ജീവനക്കാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ വന്യമൃഗ ആക്രമങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ നേതൃത്വം കൊടുത്ത് നടപ്പിലാക്കി കൊണ്ടിരിക്കുന്ന പദ്ധതികൾ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിൽ നടപ്പിലാക്കുന്നതിന് മാത്യു കുടൽനാടൻ എംഎൽഎ ഒരു ഇടപെടലുകളും നടത്തുന്നില്ല.
എംഎൽഎ മാത്യു കുഴൽനാടനും, എംപി ഡീൻ കുര്യാക്കോസ് സ്വന്തം മണ്ഡലതിലെ,സ്വന്തം പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തിയില്ലെങ്കിൽ അതിശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ഡിവൈഎഫ്ഐ കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി ഷിജോ അബ്രഹാം,പ്രസിഡന്‍റ് അഭിലാഷ് രാജ് എന്നിവർ പറഞ്ഞു. കാട്ടാനകൾ കാളിയാർ കക്കടശ്ശേരി റോഡ് മുറിച്ചുകടന്ന് ആയിരത്തിലധികം വീടുകളുള്ള സൗത്ത് പുന്നമറ്റം പ്രദേശത്ത് തമ്പടിച്ചതിനെ തുടർന്ന് തദ്ദേശസ്വയംഭരണ സമിതിയും, നാട്ടിലെ പൊതുപ്രവർത്തകരും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും, ചേർന്ന് ജനവാസ കേന്ദ്രത്തിൽ നിന്നും അകറ്റുന്നതിനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
രാവിലെയോടുകൂടി കാളിയാർ പുഴ കടന്ന് തൊടുപുഴ നിയോജക മണ്ഡലത്തിലേക്ക് കാട്ടാനകൾ കയറിപ്പോവുകയും ചെയ്തു . പൊതുപ്രവർത്തകരും, നാട്ടുകാരും, പോലീസും ഫോറസ്റ്റുകാരും ചേർന്ന് തിരിച്ച് കടവൂർ പ്രദേശത്തേക്ക് കടത്തിവിടുകയും നാട്ടുകാരുടെയും, ഉദ്യോഗസ്ഥരുടെയും കൂട്ടായ പ്രവർത്തനത്തോടുകൂടി ഉച്ചക്ക് 12 മണിയോടുകൂടി ആനയെ കാട്ടിലേക്ക് കയറ്റി വിടുകയും ചെയ്തു.