
താനെ: താനെ ഏവൂരിൽ തേനീച്ചയുടെ ആക്രമണത്തിൽ 10 പേർക്ക് പരുക്ക്. താനെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന ഏവൂർ കുന്നുകളിൽ ട്രെക്കിംഗിന് പോയ 18 നും 19 നും ഇടയിൽ പ്രായമുള്ള പത്ത് പേർക്കാണ് പരുക്കേറ്റത്. പുറത്ത് വരാൻ കഴിയാതെ പ്രതിസന്ധിയിലായ സംഘത്തെ പ്രാദേശിക ദുരന്തനിവാരണ സെൽ ഉദ്യോഗസ്ഥർ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
മുംബൈ, താനെ, നവി മുംബൈ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ആക്രമണം നേരിട്ടവർ. മല മുകളിൽ കുടുങ്ങിയ പത്ത് യുവാക്കളെ കുറിച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് 1:30 ന് വർത്തക് നഗർ പോലീസിൽ നിന്ന് വിവരം ലഭിച്ചതായി താനെ മുനിസിപ്പൽ കോർപ്പറേഷന്‍റെ റീജ്യണൽ ഡിസാസ്റ്റർ മാനേജ്‌മെന്‍റ് സെൽ മേധാവി യാസിൻ തദ്വി പറഞ്ഞു.
ട്രെക്കിംഗിന് പോകുകയായിരുന്ന ഇവരെ തേനീച്ചകൾ ആക്രമിച്ചു. മൂന്ന് പേർക്ക് മുഖത്ത് സാരമായി പരുക്കേറ്റതായി ആർഡിഎംസി ഉദ്യോഗസ്ഥർ പറഞ്ഞു. പരുക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.