

ശ്രീനാരായണ ഗുരു സഹകരണ ബാങ്ക് രജത ജൂബിലി ആഘോഷങ്ങളിലേക്ക്
മുംബൈ: ചെമ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ധനകാര്യ സ്ഥാപനമായ ശ്രീനാരായണ ഗുരു സഹകരണ ബാങ്ക് രജത ജൂബിലി ആഘോഷങ്ങളിലേക്ക് കടക്കുന്നു. കുര്‍ള കോഹിന്നൂര്‍ എലൈറ്റില്‍ നടന്ന ചടങ്ങില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ശ്രീ നാരായണ മന്ദിര സമിതി പ്രസിഡന്റ് എം.ഐ. ദാമോദരന്‍ നിര്‍വഹിച്ചു.
സാധാരണക്കാരുടെയും ചെറുകിട കച്ചവടക്കാരുടെയും സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് ആരംഭിച്ച ബാങ്ക്, ആ ലക്ഷ്യം നിറവേറ്റുന്നതില്‍ വിജയിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണമെന്ന് എം.ഐ. ദാമോദരന്‍ പറഞ്ഞു. ഏതൊരു ധനകാര്യ സ്ഥാപനത്തിന്റെയും നിലനില്‍പ്പ് നിക്ഷേപകന്റെ വിശ്വാസ്യതയിലാണ്. ഈ വിശ്വാസ്യതയ്ക്ക് ഒട്ടും മങ്ങലേല്‍ക്കാതിരിക്കാന്‍ നാം എപ്പോഴും ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബാങ്കിന്റെ നിക്ഷേപം 1000 കോടി രൂപയായി ഉയര്‍ത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ബാങ്ക് ചെയര്‍മാന്‍ പി.ബി. രാജ്‌മോഹന്‍ പറഞ്ഞു. ബാങ്കിനെ ഷെഡ്യൂള്‍ഡ് ബാങ്ക് പദവിയിലേക്ക് ഉയര്‍ത്തുക, ഡിജിറ്റല്‍ സേവനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുക, പുതിയ ശാഖകള്‍ ആരംഭിക്കുക തുടങ്ങിയ വന്‍ പദ്ധതികളാണ് രജത ജൂബിലി വര്‍ഷത്തില്‍ ബാങ്ക് ലക്ഷ്യമിടുന്നത്. ബാങ്കിന്റെ വളര്‍ച്ചയ്ക്ക് അടിത്തറയിട്ട സ്ഥാപകരായ ഡോ. കെ.കെ. ദാമോദരന്‍, ബാബുരാജ്, എ.കെ. വാസുദേവന്‍ എന്നിവരുടെ വിലയേറിയ സേവനങ്ങളെ സമ്മേളനം അനുസ്മരിച്ചു.
2002ല്‍ ചെറിയ രീതിയില്‍ പ്രവര്‍ത്തനം തുടങ്ങിയ ബാങ്കിന് ഇന്ന് 6 ശാഖകളുണ്ട്. ഓഹരിയുടമകളുടെ എണ്ണം 4800-ലധികമായി വര്‍ദ്ധിപ്പിക്കാനും ബാങ്കിന് സാധിച്ചിട്ടുണ്ട്. പത്തു വര്‍ഷത്തെ മികച്ച സേവനത്തിന് ശേഷം ഭരണസമിതിയില്‍ നിന്നും വിരമിക്കുന്ന ചെയര്‍മാന്‍ പി.ബി. രാജ്‌മോഹന്‍, ഡയറക്ടര്‍ കെ.കെ. സുസ്‌മേരന്‍ എന്നിവരെ പ്രത്യേകം ആദരിച്ചു.