അഴുക്കുചാല്‍ ശുചീകരണത്തിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു

ഭിവണ്ടിയിലാണ് സംഭവം
Two workers died after inhaling toxic gas while cleaning a drain.

പ്രതീകാത്മക ചിത്രം

file image

Updated on: 

മുംബൈ: ഭിവണ്ടിയില്‍ 30 അടി താഴ്ചയുള്ള അഴുക്കുചാലില്‍ നിന്ന് വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു. കാമത്ഘര്‍ ഫേണേപാഡ പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. അഴുക്കുചാല്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസംമുട്ടിയാണ് തൊഴിലാളിയും തൊഴിലാളികളെ എത്തിക്കുന്ന കരാറുകാരനും മരിച്ചത്.

തൊഴിലാളിയായ സൂരജ് ധോത്രെ (20), കരാറുകാരനായ ഷംഷാദ് അബ്ദുള്‍ ജബ്ബാര്‍ അന്‍സാരി (55) എന്നിവരാണ് മരിച്ചവർ. പൈപ്പ് ലൈനില്‍ സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ശുചീകരണം.

ജോലിക്കിടെ സൂരജ് കുഴിയിലേക്ക് ഇറങ്ങിയെങ്കിലും വിഷവാതകം ശ്വസിച്ച് ബോധരഹിതനായി. ഇയാളെ രക്ഷപ്പെടുത്താന്‍ ഷംഷാദ് അന്‍സാരിയും കുഴിയിലേക്ക് ഇറങ്ങിയതോടെ വിഷവാതകം ശ്വസിച്ച് അദ്ദേഹവും അപകടത്തില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനയും പൊലീസും ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭിവണ്ടി നിസാംപുര്‍ നഗരസഭാ കമ്മിഷണറുടെ ഔദ്യോഗിക വസതിയില്‍ നിന്ന് 50 മീറ്റര്‍ അകലെയാണ് അപകടം നടന്നത്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് തൊഴിലാളികളെ കുഴിയിലേക്ക് ഇറക്കിയതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്താന്‍ നഗരസഭാ കമ്മിഷണര്‍ അന്മോല്‍ സാഗര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. അഡിഷനല്‍ കമ്മിഷണര്‍ നയന സസാനെയുടെ നേതൃത്വത്തിലുള്ള സമിതിയില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ വിക്രം ദാരഡെയും ചീഫ് അക്കൗണ്ട്‌സ് ഓഫീസറും അംഗങ്ങളാണ്. അപകടത്തിന്റെ സാഹചര്യങ്ങളും സുരക്ഷാവീഴ്ചകളും സമിതി പരിശോധിക്കും.