വോട്ടര്‍ പട്ടികയില്‍ നിന്ന് രണ്ട് കോടിയലധികം പേരെ കാണാതായതില്‍ വിശദീകരണം ആവശ്യപ്പെട്ട് ജോജോ തോമസ്

2.06 കോടിയോളം വോട്ടര്‍മാരുടെ പേരുകളാണ് ഇല്ലാത്തത്
Jojo Thomas seeks an explanation regarding the disappearance of over two crore names from the voters' list.
ജോജോ തോമസ്
Updated on

മുംബൈ: മഹാരാഷ്ട്രയില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ വന്‍തോതില്‍ വോട്ടര്‍മാരുടെ പേരുകള്‍ ഒഴിവാക്കപ്പെട്ടതായി ആരോപിച്ച് കോണ്‍ഗ്രസ്. വോട്ടര്‍പട്ടിക പുതുക്കല്‍ നടപടികള്‍ക്ക് പിന്നാലെ 2 കോടിയിലേറെ വോട്ടര്‍മാരുടെ പേരുകള്‍ പുതിയ കരട് പട്ടികയില്‍ ഇല്ലെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തില്‍ ഓരോ പൗരനും വോട്ടര്‍പട്ടികയില്‍ തങ്ങളുടെ പേരുണ്ടോയെന്ന് അടിയന്തരമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോജോ തോമസ് ആവശ്യപ്പെട്ടു.

മുന്‍ വോട്ടര്‍പട്ടികയില്‍ ഉണ്ടായിരുന്നവരില്‍ ഏകദേശം 21 ശതമാനം പേരുടെ, അതായത് 2.06 കോടിയോളം വോട്ടര്‍മാരുടെ, പേരുകള്‍ പുതിയ കരട് പട്ടികയില്‍ ഇല്ലെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. 'ആബ്‌സന്റ്', 'പെര്‍മനന്റ്‌ലി ഷിഫ്റ്റഡ്' തുടങ്ങിയ കാരണങ്ങള്‍ രേഖപ്പെടുത്തിയാണ് പലരുടെയും പേരുകള്‍ ഒഴിവാക്കിയതെന്നും ആരോപണമുണ്ട്. നേരത്തെ വോട്ട് ചെയ്തിട്ടുള്ളവര്‍ ഉള്‍പ്പെടെ എല്ലാവരും പുതിയ പട്ടികയില്‍ തങ്ങളുടെ പേര് ഉണ്ടെന്ന് സ്വയം പരിശോധിച്ച് ഉറപ്പാക്കണമെന്നും ജോജോ തോമസ് അഭ്യര്‍ഥിച്ചു.

അതേസമയം, നവി മുംബൈയിലെ ഖാര്‍ഘറില്‍ ഒരു സ്വകാര്യ ഫോട്ടോകോപ്പി സ്ഥാപനത്തില്‍ നിന്ന് 3,400-ഓളം ഔദ്യോഗിക വോട്ടര്‍ എന്യൂമറേഷന്‍ ഫോമുകള്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടും കോണ്‍ഗ്രസ് ഗൗരവമായി ഉന്നയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് ബി.എല്‍.ഒമാരെ സസ്‌പെന്‍ഡ് ചെയ്ത നടപടിയും ചൂണ്ടിക്കാട്ടിയ ജോജോ തോമസ്, വോട്ടര്‍മാരുടെ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്ന ഔദ്യോഗിക രേഖകള്‍ എങ്ങനെ സ്വകാര്യ സ്ഥാപനത്തില്‍ എത്തിയെന്നതില്‍ വ്യക്തത വരുത്തണമെന്നും ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com