ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ (എയ്മ) വനിതാ വിഭാഗം മുൻ ദേശീയ ചെയർപേഴ്സണും പ്രമുഖ അഭിഭാഷകയും സാമൂഹ്യ പ്രവർത്തകയുമായ പ്രേമ മേനോൻ ഗുരുവായൂർ ക്ഷേത്രത്തിൽ മോഹിനിയാട്ടം അവതരിപ്പിച്ചു. സെപ്റ്റംബർ 18 നാണ് വൈകുന്നേരം 6 മണിക്ക് 56 കാരിയായ അഡ്വ.പ്രേമ മേനോൻ മോഹിനിയാട്ടം അവതരിപ്പിച്ചത്.
ഗുരുവായൂരപ്പനോടുള്ള ഭക്തിയുടെ സമർപ്പണമായിരുന്നു നൃത്തമെന്ന് പ്രേമ മേനോൻ പറഞ്ഞു. കഴിഞ്ഞ 20 വർഷമായി മുംബൈ താനെയിൽ താമസിച്ചു വരുന്ന പ്രേമ മേനോൻ വളരെ ചെറുപ്പത്തിൽ തന്നെ നൃത്തം അഭ്യസിക്കാൻ തുടങ്ങിയിരുന്നു. മോഹിനിയാട്ടത്തോടുള്ള തന്‍റെ ആജീവനാന്ത ത്വരയും ഗുരുവായൂരപ്പനോടുള്ള ഭക്തിയും ആണ് തനിക്ക് ഇതിന് കഴിഞ്ഞതെന്നും അവർ വ്യക്തമാക്കി.
യുകെയിൽ ജോലി ചെയ്യുന്ന ഗായകൻ കൂടിയായ മകൻ ശ്രീരഞ്ജ് ആലപിച്ച ഗാനത്തിനൊപ്പമാണ് പ്രേമ മേനോൻ ചുവട് വെച്ചത്.മൂത്ത മകൻ നിരഞ്ജ് മലയാള ചലച്ചിത്രമേഖലയിൽ സജീവമായി രംഗത്തുണ്ട്. ഭർത്താവ് ഡോ.ഡി രാംദാസ് മേനോൻ വർഷങ്ങളായി മുംബൈയിൽ ആയുർവേദ ഡോക്ടറാണ്. ഗുരുവായൂർ സ്വദേശിനിയായ പ്രേമ മേനോന്‍റെ മോഹിനിയാട്ടത്തിനൊപ്പമുള്ള യാത്ര ചെറുപ്പത്തിലേ തുടങ്ങിയതാണ്.
തന്‍റെ വിജയകരമായ പ്രൊഫഷണൽ ജീവിതത്തിനിടയിലും, സാമൂഹ്യ സംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിൽക്കുമ്പോഴും നൃത്തത്തിനോടുള്ള അഭിനിവേശം കുറഞ്ഞിരുന്നില്ല.
'ചില ഇഷ്ടങ്ങൾ, കലാവാസനകൾ നമ്മളറിയാതെ തന്നെ നമ്മുടെ ഉള്ളിന്‍റെയുള്ളിൽ കൂടുകൂട്ടും. നമ്മുടെ അഭിരുചിയും വൈഭവവും തിരിച്ചറിഞ്ഞ് ദൈവം നമുക്കു മുന്നിലേക്ക് നിയോഗം പോലെ വച്ചു നീട്ടുന്നതാണ്. എല്ലാം ദൈവാനുഗ്രഹം, പ്രത്യേകിച്ചും 21 വർഷങ്ങൾക്ക് ശേഷം അവതരിപ്പിക്കാൻ കഴിഞ്ഞത്' അവർ പറഞ്ഞു.