മതപരിവര്‍ത്തന നിരോധന നിയമം നിരപരാധികളെ വേട്ടയാടാന്‍ ഉപയോഗിക്കരുതെന്ന് ജോജോ തോമസ്

കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായി പ്രതിഷേധിക്കുമെന്ന് മുന്നറിയിപ്പ്

Anti-conversion law should not be used to persecute the innocent, says Jojo Thomas.

ജോജോ തോമസ്

Updated on

മുംബൈ: മഹാരാഷ്ട്ര നിയമസഭ പാസാക്കുകയും ഇപ്പോള്‍ രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുകയും ചെയ്ത മതപരിവര്‍ത്തന നിരോധന നിയമം ന്യൂനപക്ഷങ്ങളെയും നിരപരാധികളെയും വേട്ടയാടാനുള്ള ആയുധമായി ദുരുപയോഗം ചെയ്യരുതെന്ന് മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ജോജോ തോമസ് ആവശ്യപ്പെട്ടു.

നിര്‍ബന്ധിതമായോ ഭീഷണിപ്പെടുത്തിയോ നടത്തുന്ന മതപരിവര്‍ത്തനങ്ങളെ എതിര്‍ക്കുന്നുവെന്നും, എന്നാല്‍ ഈ നിയമത്തിന്‍റെ മറവില്‍ സമാധാനപരമായി ജീവിക്കുന്ന ഒരു സമൂഹത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമം നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന വിവേചനത്തെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ക്രൈസ്തവ വൈദികരുടെയും പാസ്റ്റര്‍മാരുടെയും കാലു തല്ലിയൊടിക്കാനും, അവരെ ഓടിക്കാനും ആഹ്വാനം ചെയ്യുകയും അതിന് പരസ്യമായി പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്ത ഒരു ഭരണകക്ഷി എംഎല്‍എയ്‌ക്കെതിരേ യാതൊരു നടപടിയും ഈ സര്‍ക്കാര്‍ സ്വീകരിച്ചില്ല.

സ്വന്തം നേതാക്കള്‍ പരസ്യമായി വിദ്വേഷം പ്രചരിപ്പിക്കുമ്പോള്‍ മൗനം പാലിക്കുന്നവര്‍, പുതിയ നിയമത്തിന്‍റെ പേരില്‍ സമാധാനകാംക്ഷികളായ ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുന്നത് വലിയ ഇരട്ടത്താപ്പാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുംബൈയിലെ പേരുകേട്ട പല വിദ്യാഭ്യാസ സ്ഥാപനങ്ങളും ക്രൈസ്തവ മാനേജ്മെന്‍റുകള്‍ക്ക് കീഴിലാണെന്ന യാഥാര്‍ഥ്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയിലെ ലക്ഷക്കണക്കിന് കുട്ടികളാണ് ജാതിമത ഭേദമന്യേ ഇത്തരം സ്‌കൂളുകളിലും കോളേജുകളിലും പഠിച്ചിറങ്ങിയത്. അവര്‍ ആരെയും നിര്‍ബന്ധിച്ച് മതം മാറ്റിയിട്ടില്ല.

അങ്ങനെ വ്യാപകമായി മതം മാറ്റിയിരുന്നെങ്കില്‍ ഇന്ന് രാജ്യത്തെ ക്രൈസ്തവ ജനസംഖ്യയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാകുമായിരുന്നു. നിരപരാധികള്‍ക്കെതിരേ ഈ നിയമം ദുരുപയോഗം ചെയ്താല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ നിയമ-രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ജോജോ തോമസ് മുന്നറിയിപ്പ് നല്‍കി.

logo
Metro Vaartha
www.metrovaartha.com