പാതി നിമജ്ജനം ചെയ്ത ദുർഗാ വിഗ്രഹങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും മുംബൈയിൽ വിലക്ക്

മതവികാരം വ്രണപ്പെടുന്നത് തടയുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനുമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു
Representative image

പ്രതീകാത്മക ചിത്രം

Updated on: 

മുംബൈ: നിമജ്ജനത്തിനിടെ വെള്ളത്തിൽ ഒഴുകിനടക്കുന്നതോ പാതി നിമജ്ജനം ചെയ്തതോ ആയ ദുർഗാ വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും മുംബൈ പൊലീസ് വിലക്കേർപ്പെടുത്തി. ഒക്റ്റോബർ 20 മുതൽ 22 വരെയാണ് നിയന്ത്രണം. മതവികാരം വ്രണപ്പെടുന്നത് തടയുന്നതിനും പൊതുസമാധാനം നിലനിർത്തുന്നതിനുമാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു.

ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) 163-ാം വകുപ്പ് പ്രകാരം ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ അക്ബർ പത്താനാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്റ്റോബർ 20 മുതൽ 22 വരെ നഗരത്തിലെ വിവിധ ജലാശയങ്ങളിൽ ദുർഗാ വിഗ്രഹങ്ങളുടെ നിമജ്ജനം നടക്കും. ഇതിനിടെ വേലിയേറ്റ സമയത്ത് ഭാഗികമായി അലിഞ്ഞ വിഗ്രഹങ്ങൾ കരയിലേക്ക് ഒഴുകിയെത്തുകയോ തടാകങ്ങളിൽ പൊങ്ങിക്കിടക്കുകയോ ചെയ്യാറുണ്ട്. ഇത്തരം വിഗ്രഹങ്ങൾ മുംബൈ മുനിസിപ്പൽ കോർപറേഷൻ (ബിഎംസി) ജീവനക്കാർ വീണ്ടെടുത്ത് വീണ്ടും നിമജ്ജനം ചെയ്യുകയാണ് പതിവ്.

നിമജ്ജനം പൂർത്തിയാകാത്തതോ ഭാഗികമായി അലിഞ്ഞതോ ആയ വിഗ്രഹങ്ങളുടെയും അവ വീണ്ടെടുക്കുന്ന ബിഎംസി ജീവനക്കാരുടെയും ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നത് മതവികാരം വ്രണപ്പെടുത്താനും പൊതുസമാധാനത്തിന് ഭംഗം വരുത്താനും ഇടയാക്കുമെന്ന് ഉത്തരവിൽ പറയുന്നു. ഇതു കണക്കിലെടുത്താണ് മുൻകരുതൽ നടപടി സ്വീകരിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com