
ബോംബെ ഹൈക്കോടതി
file image
മുംബൈ: 2024 നവംബര്‍ 20-നുനടന്ന മഹാരാഷ്ട്ര നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്ന് ആരോപിക്കുന്ന ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.
വൈകീട്ട് ആറിനുശേഷം അസാധാരണമാംവിധം പോളിങ് ശതമാനം ഉയര്‍ന്നിരുന്നെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മുംബൈ നിവാസിയായ ചേതന്‍ ചന്ദ്രകാന്ത് അഹിരെ റിട്ട് ഹര്‍ജി നല്‍കിയത്. ഇത് കോടതിയുടെ സമയം പാഴാക്കുന്നതാണെന്ന് നിരീക്ഷിച്ച ജസ്റ്റിസ് ജി.എസ്. കുല്‍ക്കര്‍ണി, ജസ്റ്റിസ് ആരിഫ് ഡോക്ടര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
ഹര്‍ജിക്കാരന്‍ കോടതിയുടെ സമയം പാഴാക്കിയെങ്കിലും പിഴചുമത്തുന്നില്ലെന്ന് ബെഞ്ച് പറഞ്ഞു. വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍നടന്നതായി ആരോപിച്ച ഹര്‍ജിക്കാരന്‍ സംസ്ഥാനത്തെ 288 നിയമസഭാമണ്ഡലങ്ങളിലെയും ഫലം അസാധുവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഔദ്യോഗിക പോളിങ്സമയമായ വൈകീട്ട് ആറിനുശേഷം 75 ലക്ഷത്തിലധികം വോട്ടുകള്‍ രേഖപ്പെടുത്തിയതായിട്ടാണ് ഹര്‍ജിക്കാരന്‍റെ അവകാശവാദം.
കൂടാതെ, 90-ലധികം നിയോജകമണ്ഡലങ്ങളിലെ പോള്‍ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ടെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സംസ്ഥാനവ്യാപകമായുള്ള ഫലങ്ങളെ ചോദ്യംചെയ്ത് ഒരു റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ അഹിരെക്ക് അധികാരമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനെ പ്രതിനിധാനം ചെയ്ത് മുതിര്‍ന്ന അഭിഭാഷകന്‍ അശുതോഷ് കുംഭകോണി വാദിച്ചു.
തെരഞ്ഞെടുപ്പുഫലം വന്നതിനുശേഷമുള്ള 45 ദിവസത്തിനുള്ളില്‍ ജനപ്രാതിനിധ്യനിയമപ്രകാരം ഹര്‍ജിക്കാരന്‍ തിരഞ്ഞെടുപ്പ് ഹര്‍ജി ഫയല്‍ചെയ്യേണ്ടതായിരുന്നു എന്നാണ് കേന്ദ്രസര്‍ക്കാരിന്‍റെ വാദം