

ദുരിതക്കയത്തില്‍ വസായ് വിരാര്‍ മേഖല
മുംബൈ: വെള്ളപ്പൊക്കം രൂക്ഷമായതോടെ വസായ്-വിരാറില്‍ റെയില്‍, റോഡ് ഗതാഗതം തകര്‍ന്നു. 114 മുനിസിപ്പല്‍ ബസുകളില്‍ 16 എണ്ണം മാത്രമേ ഓടുന്നുള്ളൂ.
വെള്ളത്തിനടിയിലായ മേഖല ഒരു ദ്വീപ് പോലെയാണ്. വെള്ളം കയറിയ റോഡുകളും റെയില്‍വേട്രാക്കുകളും ഗതാഗതം പൂര്‍ണമായും സ്തംഭിപ്പിച്ചു. മാര്‍ക്കറ്റുകള്‍, റെസിഡന്‍ഷ്യല്‍ കോളനികള്‍ എന്നിവിടങ്ങളിലും വെള്ളം കയറി. അവശ്യസാധനങ്ങള്‍ പോലും കിട്ടാത്ത അവസ്ഥയിലാണെന്നാണ് പ്രദേശവാസികളായ മലയാളികള്‍ പറയുന്നത്.
മേഖലയില്‍ നിന്നുള്ള പലരും മൂന്ന് ദിവസമായി ജോലിക്ക് പോയില്ല. പോകുന്നവര്‍ക്ക് റെയില്‍വേ ട്രാക്കിലൂടെ അടുത്തുള്ള സ്റ്റേഷനുകളിലേക്ക് നടക്കേണ്ടി വന്നു. വെള്ളം കയറിയ താമസസ്ഥലങ്ങളിലേക്ക് എത്താന്‍ മറ്റു ചിലര്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന ട്രാക്ടറുകളെയും സ്വകാര്യ വാഹനങ്ങളെയും ആശ്രയിച്ചു. മിക്ക വീടുകളുടെയും പുറത്ത് മൂന്നോ നാലോ അടി ഉയരത്തില്‍ വെള്ളമാണ്.