

ടിക്കറ്റ് പരിശോധനയ്ക്കിടെ യാത്രക്കാരി ടിക്കറ്റ് ചെക്കറെ ആക്രമിച്ചതായി പരാതി
മുംബൈ:ലോക്കല്‍ ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്ക്കിടെ വനിതാ ടിടിഇക്ക് നേരെ യാത്രക്കാരിയുടെ ആക്രമണം. 510 രൂപ പിഴ ഈടാക്കിയതിലുള്ള പ്രകോപനത്തെ തുടര്‍ന്നാണ് വനിതാ ടിക്കറ്റ് എക്‌സാമിനറെ യാത്രക്കാരി ക്രൂരമായി മര്‍ദ്ദിക്കുകയും കൈയില്‍ കടിക്കുകയും ചെയ്തത്. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തു.
ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. വിരാറിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കല്‍ ട്രെയിനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന 42 കാരിയായ ഹര്‍പ്രീത് കൗര്‍ കാമത് ആണ് ആക്രമണത്തിനിരയായത്. അന്ധേരി സ്റ്റേഷന് സമീപം എത്തിയപ്പോള്‍ ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന വനിതാ യാത്രക്കാരിയെ ഇവര്‍ ചോദ്യം ചെയ്തു. പഴ്‌സ് നഷ്ടപ്പെട്ടുവെന്നും ടിക്കറ്റ് കണ്ടെത്താന്‍ കഴിയുന്നില്ലെന്നും യാത്രക്കാരി അറിയിച്ചതിനെ തുടര്‍ന്ന് നിയമപ്രകാരം 510 രൂപ പിഴ ഈടാക്കി രസീത് നല്‍കി.
എന്നാല്‍ രസീത് പരിശോധിക്കുന്നതിനിടയില്‍ യാതൊരു പ്രകോപനവുമില്ലാതെ യാത്രക്കാരി ടിടിഇയെ ആക്രമിക്കുകയായിരുന്നു. കൈയില്‍ കടിക്കുകയും നഖം കൊണ്ട് മാന്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. പരുക്കേറ്റ ടിടിഇയെ ഉടന്‍ തന്നെ കൂപ്പര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഇവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്തു.