

പ്രാവിന് തീറ്റ കൊടുത്തു; മുംബൈ സ്വദേശിക്ക് 5,000 രൂപ പിഴ വിധിച്ച് കോടതി
File pic
മുംബൈ: പൊതുസ്ഥലത്ത് പ്രാവിന് തീറ്റകൊടുത്ത് മുംബൈ സ്വദേളിയായ വ്യവസായിക്ക് 5,000 രൂപ പിഴ വിധിച്ച് കോടതി. രോഗാണുക്കൾ പടരാനും ജീവന് അപകടം ഉണ്ടാകാനും സാധ്യത ഉള്ള പ്രവൃത്തി ചെയ്തുവെന്നാണ് ബാന്ദ്രയിലെ അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി യു മിസൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ദാദർ നിവാസിയായ നിതിൻ ഷേത്ത് (52) ആണ് പിഴയടക്കേണ്ടത്.
നഗരത്തിലെ പൊതു സ്ഥലത്തു വച്ച് പ്രാവുകൾക്ക് ധാന്യങ്ങൾ എറിഞ്ഞു കൊടുത്തതിനെത്തുടർന്ന് ഓഗസ്റ്റ് 1നാണ് നിതിൻ അറസ്റ്റിലായത്. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ പൊതു സ്ഥലങ്ങളിലെല്ലാം പ്രാവുകൾക്ക് തീറ്റ കൊടുക്കുന്നത് നിരോധിച്ചിട്ടുണ്ട്. ജനങ്ങളുടെ ആരോഗ്യത്തിന് ദോഷകരമാകുന്ന അണുക്കൾ പടരുന്നുവെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി.
ചെയ്ത കുറ്റം തിരിച്ചറിഞ്ഞുവെന്നും ദയവു കാണിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് നിതിൻ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഡിസംബർ 22ന് 5000 രൂപ പിഴയടക്കാൻ ഉത്തരവിട്ടത്.