മുംബൈ: നവി മുംബൈ വിമാനത്താവളം 2025 മാർച്ചിൽ പ്രവർത്തനക്ഷമമാക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോൾ നിർദിഷ്ട വധ്‌വാൻ തുറമുഖത്തിന് സമീപത്ത് പാൽഘറിൽ മുംബൈയിലെ മൂന്നാമത്തെ വിമാനത്താവളം നിർമിക്കാനുള്ള നിർദ്ദേശം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നോട്ടുവച്ചു. വെള്ളിയാഴ്ച വധ്വാൻ തുറമുഖത്തിന് തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കവെയാണ് ഫഡ്‌നാവിസ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
മുംബൈയ്ക്ക് വരും വർഷങ്ങളിൽ മൂന്നാമത്തെ വിമാനത്താവളം ആവശ്യമായി വരും,വധ്വാൻ തുറമുഖത്തിന് സമീപമുള്ള ഈ സ്ഥലത്തെക്കുറിച്ചുള്ള ഈ നിർദ്ദേശം കേന്ദ്രം പരിഗണിക്കണമെന്നാണ് എന്‍റെ അഭിപ്രായം ,” പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ അദ്ദേഹം പറഞ്ഞു.
മൂന്നാമത്തെ വിമാനത്താവളം "തീർച്ചയായും മുംബൈയെ മാറ്റും" അദ്ദേഹം കൂട്ടിച്ചേർത്തു. അദ്ദേഹത്തിന്‍റെ നിർദ്ദേശത്തെ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ തന്‍റെ പ്രസംഗത്തിൽ പിന്തുണച്ചു.
ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളിൽ ഒന്നാണ് മുംബൈയിൽ നിലവിലുള്ളത് എന്നതിനാൽ, മൂന്നാമത്തെ വിമാനത്താവളത്തിനായുള്ള പദ്ധതി കുറച്ചുകാലമായി നടക്കുന്നുണ്ട്. മുൻ മഹാരാഷ്ട്ര വികാസ് അഘാഡി (എംവിഎ) സർക്കാരിന്‍റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും മൂന്നാമത്തെ വിമാനത്താവളം എന്ന ആശയം മുന്നോട്ടുവച്ചിരുന്നു. പൽഘർ ജില്ലയിലെ കെൽവ-മാഹിം അല്ലെങ്കിൽ ദാപ്ചാരി എന്നിവിടങ്ങളിൽ ആഭ്യന്തര വിമാനത്താവളം സ്ഥാപിക്കുന്നതിനുള്ള നിർദ്ദേശം അക്കാലത്ത് സംസ്ഥാന ഭരണകൂടം പരിഗണിച്ചിരുന്നു.