

100 കോടി രൂപയുടെ മയക്കുമരുന്ന് പിടി കൂടി
മുംബൈ: മഹാരാഷ്ട്ര പൊലീസിന്‍റെ ആന്‍റി-നാര്‍ക്കോട്ടിക്‌സ് സെല്‍ രാജസ്ഥാനിലെ ജുന്‍ജുനുവില്‍ മയക്കുമരുന്ന് നിര്‍മാണ ഫാക്റ്ററി കണ്ടെത്തുകയും ഏകദേശം 100 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നും രാസവസ്തുക്കളും പിടിച്ചെടുക്കുകയും ചെയ്തു. മീരാ ഭയന്ദര്‍-വസായ്- വിരാര്‍ (എംബിവിവി) പൊലീസിന്‍റെ മയക്കുമരുന്ന് വിരുദ്ധ സെല്‍ (എഎന്‍സി) ഞായറാഴ്ചയാണ് രാജസ്ഥാന്‍ പൊലീസിന്‍റെ സഹായത്തോടെ റെയ്ഡ് നടത്തിയത്.
താനെ ജില്ലയില്‍ നടത്തിയ പ്രാരംഭ ഓപ്പറേഷനില്‍ ഒരു കോടി രൂപ വിലമതിക്കുന്ന 501.6 ഗ്രാം എംഡി (മെഫെഡ്രോണ്‍) മയക്കുമരുന്ന്, എട്ട് മൊബൈല്‍ ഫോണുകള്‍, രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ എന്നിവ പിടികൂടിയിരുന്നു. തുടര്‍ന്ന് ആറ് പേരെ അറസ്റ്റ് ചെയ്തതായി എംബിവിവി പൊലിസ് കമ്മിഷണര്‍ നികേത് കൗശിക് പറഞ്ഞു.
തുടര്‍ന്നുള്ള അന്വേഷണത്തില്‍, പൊലീസ് നാല് പേരെ കൂടി അറസ്റ്റ് ചെയ്യുകയും 20 ലക്ഷം രൂപ വിലമതിക്കുന്ന എംഡി മയക്കുമരുന്ന്, രണ്ട് ഫോര്‍ വീലറുകള്‍, ഒരു മോട്ടോര്‍ സൈക്കിള്‍, ആറ് മൊബൈല്‍ ഫോണുകള്‍ എന്നിവ കൂടി പിടിച്ചെടുത്തിരുന്നു. അന്വേഷണത്തില്‍ ലഭിച്ച നിര്‍ണായക വിവരങ്ങളുടെ അടിസ്ഥാനത്തില്‍, ഒരു സംഘത്തെ രാജസ്ഥാനിലേക്ക് അയച്ചു.ഞായറാഴ്ച, ജുന്‍ജുനുവിലെ ഒരു ഫാക്ടറിയില്‍ സംഘം റെയ്ഡ് നടത്തുകയായിരുന്നു.