മുംബൈ: സയൺ ആശുപത്രിയിൽ മദ്യപിച്ചെത്തിയ രോഗിയും ബന്ധുക്കളും വനിതാ ഡോക്ടറെ മർദ്ദിച്ചതായി പരാതി. ഞായറാഴ്ച പുലർച്ചെയാണ് മുംബൈയിലെ സയൺ ആശുപത്രിയിൽ മദ്യലഹരിയിലായിരുന്ന ഒരു രോഗിയും ബന്ധുക്കളും ചേർന്ന് വനിതാ റസിഡന്‍റ് ഡോക്ടറെ മർദ്ദിച്ചതായി പരാതി ലഭിച്ചത്. കൊൽക്കത്തയിൽ ഡോക്ടറെ ക്രൂരമായ ബലാത്സംഗ-കൊലപാതകത്തിൽ പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ സംഭവം. പുലർച്ചെ 3.30 ഓടെ ഡോക്ടർ വാർഡിൽ ഡ്യൂട്ടിയിലിരിക്കെയാണ് ആക്രമണം ഉണ്ടായതെന്ന് റസിഡന്‍റ് ഡോക്ടർമാർ പറഞ്ഞു.
"മദ്യപിച്ചെത്തിയ രോഗിയുടെ മുഖത്ത് മുറിവുകൾ ഉണ്ടായിരുന്നു. ആശുപത്രിയിലെത്തി ചികിത്സയിലിരിക്കെ ഇയാളും ബന്ധുക്കളും ചേർന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്തു.6 പേരടങ്ങുന്ന സംഘമാണ് ഡോക്റ്ററെ ശാരീരികമായി ഉപദ്രവിച്ചത്. പ്രതിരോധിക്കാൻ ശ്രമിച്ചിട്ടും ഡോക്ടർക്ക് പരിക്കേറ്റു"ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.സംഭവത്തിന് ശേഷം രോഗിയും സംഘവും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
എന്നാൽ വനിത ഡോക്ടർ സയൺ പോലീസ് സ്റ്റേഷനിൽ മൊഴി നൽകുകയും എഫ്ഐആർ ഫയൽ ചെയ്യുകയും ചെയ്തതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.