

എല്‍ഗാര്‍ പരിഷത് കേസ് ; ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍
മുംബൈ: എല്‍ഗാര്‍ പരിഷത് കേസ് പ്രതിയും സാമൂഹിക പ്രവര്‍ത്തകയുമായ സുധാ ഭരദ്വാജ്, തെലുങ്ക് കവിയും സാമൂഹിക പ്രവര്‍ത്തകനുമായ വരവര റാവു എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി ദേശീയ അന്വേഷണ ഏജന്‍സി പ്രത്യേക കോടതിയെ സമീപിച്ചു. മറ്റ് സഹപ്രതികള്‍ പങ്കെടുത്ത മുംബൈ പ്രസ് ക്ലബ്ബിലെ ഒരു പരിപാടിയില്‍ ഇരുവരും പങ്കെടുത്തെന്നും, ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ആരോപിച്ചാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.
എന്‍ഐഎയുടെ അപേക്ഷയിന്മേല്‍ പ്രതികളുടെ പ്രതികരണം തേടിയ പ്രത്യേക കോടതി, കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മേയ് 22-ലേക്ക് മാറ്റി വെച്ചു.
കഴിഞ്ഞ ജനുവരി 19-ന് മുംബൈ പ്രസ് ക്ലബ്ബില്‍ നടന്ന ഒരു പരിപാടിയില്‍ ഇരുവരും പങ്കെടുത്തതാണ് ജാമ്യവ്യവസ്ഥകളുടെ ലംഘനമായി എന്‍ഐഎ പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഈ സംഭവത്തിന് പിന്നാലെ, പ്രസ് ക്ലബ്ബ് തങ്ങളുടെ മൂന്ന് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്തിരുന്നു.