

നാസിക് തണല്‍ മള്‍ട്ടിപര്‍പ്പസ് ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ സാമ്പത്തിക സഹായം നല്‍കി
നാസിക്: നാസിക് തണല്‍ മള്‍ട്ടിപര്‍പ്പസ് ഫൗണ്ടേഷന്‍റെ നേതൃത്വത്തില്‍ മലയാളി കുടുംബത്തിന് ദീപാവലി വേളയില്‍ സഹായം നല്‍കി. ത്രിമൂര്‍ത്തി ചൗക്കിന് സമീപം സിഡ്‌കോയില്‍ താമസിക്കുന്ന ആര്‍ക്കിടെക്റ്റ് മോഹനന്‍ പ്രമേഹസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ഏറെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന സാഹചര്യത്തിലാണ് ഫൗണ്ടേഷന്‍ സഹായവുമായി എത്തിയത്.
മോഹനന് ആവശ്യമായ സ്റ്റീല്‍ കട്ടില്‍, ബെഡ്, ഗ്ലൂക്കോമീറ്റര്‍, ഇന്‍സുലിന്‍ ഉപയോഗത്തിനുള്ള കാര്‍ട്രിഡ്ജുകള്‍ എന്നിവയ്‌ക്കൊപ്പം സാമ്പത്തിക സഹായവും ഫൗണ്ടേഷന്‍ കൈമാറി. രോഗാവസ്ഥയെത്തുടര്‍ന്ന് പ്രയാസങ്ങള്‍ നേരിടുന്ന അദ്ദേഹത്തിനും കുടുംബത്തിനും ഈ സഹായം വലിയ ആശ്വാസമായി.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഒരു കുടുംബത്തിന്‍റെ ജീവിതത്തില്‍ പ്രതീക്ഷയുടെയും സന്തോഷത്തിന്‍റെയും വെളിച്ചം പകരാന്‍ കഴിഞ്ഞതിന്‍റെ ചാരിതാര്‍ഥ്യത്തിലാണ് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍.
കാരുണ്യപ്രവര്‍ത്തനത്തിന് സാമ്പത്തികമായും മറ്റ് രീതികളിലും പിന്തുണ നല്‍കിയ എല്ലാ അംഗങ്ങള്‍ക്കും ഭാരവാഹികള്‍ നന്ദി അറിയിച്ചു.സേവനവും സഹജീവിസ്‌നേഹവും മുന്‍നിര്‍ത്തിയുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും ശക്തമായി മുന്നോട്ടുകൊണ്ടുപോകുമെന്നും ഫൗണ്ടേഷന്‍ പ്രതിനിധികള്‍ പറഞ്ഞു. തുടര്‍ച്ചയായി പത്താം വര്‍ഷമാണ് ഇത്തരം സഹായമെത്തിക്കുന്നത്.