സഹസ്രാബ്ദത്തിലെ വലിയ മഴ; ലോണാവാലയില്‍ പെയ്തിറങ്ങിയത് 1290 മില്ലീമീറ്റര്‍ മഴ

48 മണിക്കൂറിനുള്ളിലാണ് വലിയ മഴ പെയ്തത്

A once-in-a-millennium downpour; Lonavala received 1,290 mm of rainfall.

സഹസ്രാബ്ദത്തിലെ വലിയ മഴ; ലോണാവാലയില്‍ പെയ്തിറങ്ങിയത് 1290 മില്ലീമീറ്റര്‍ മഴ

Updated on

പുനെ: മഹാരാഷ്ട്രയിലെ ലോണാവാലയില്‍ വെറും 48 മണിക്കൂറിനുള്ളില്‍ പെയ്തിറങ്ങിയത് 1290 മില്ലിമീറ്റര്‍ മഴയെന്ന് റിപ്പോര്‍ട്ട്. ശക്തമായ പടിഞ്ഞാറന്‍ കാറ്റാണ് ഈ കനത്ത മഴയ്ക്ക് കാരണമായത്. ആയിരം വര്‍ഷത്തിലൊരിക്കലാണ് ഇത്തരത്തില്‍ മഴ പെയ്യുകയെന്നാണ് കാലാവസ്ഥ വകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്.

കനത്ത പ്രളയത്തിലും മണ്ണിടിച്ചിലിലും പെട്ട് റിസോര്‍ട്ടിലെ വാച്ചര്‍ മരണപ്പെടുകയും മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയുമാണ്. ഘട്ട് മേഖലയില്‍ ഗതാഗതം പൂര്‍ണമായും താറുമാറായി. നാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും പുണെ മേഖലയില്‍ തകര്‍ന്ന് റെയില്‍പാളങ്ങളുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാനായിട്ടില്ല. ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതവും നിര്‍ത്തി വച്ചിരിക്കുകയാണ്.

വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ടുപോയ നിരവധി ആളുകളെ ദുരന്തനിവാരണ സേന അതിസാഹസികമായി രക്ഷപ്പെടുത്തി. ഏകാന്ത് വില്ല, ഗ്രീന്‍ ലാന്‍ഡ് വില്ല, മൗണ്ട് വെസ്റ്റ് ക്രിസ്റ്റ സൊസൈറ്റി എന്നിവിടങ്ങളില്‍ നിന്നായി മുതിര്‍ന്ന പൗരന്മാര്‍ ഉള്‍പ്പെടെ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വില്ലകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നോര്‍ത്ത് പോയിന്റ്, 360 സൗത്ത് റിസോര്‍ട്ടുകള്‍ക്ക് സമീപം സുരക്ഷാ പരിശോധന തുടരുകയാണെന്ന് പൂനെ മെട്രോപൊളിറ്റന്‍ റീജിയന്‍ ഡെവലപ്മെന്റ് അതോറിറ്റി മേധാവി അഭിജിത് ചൗധരി അറിയിച്ചു.

മഴ കനത്തതോടെ മുംബൈ-പുനെ എക്‌സ്പ്രസ് വേയില്‍ ചെറിയ രീതിയില്‍ മണ്ണിടിച്ചിലുണ്ടാവുകയും ഐ.ആര്‍.ബി സംഘമെത്തി അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയും ചെയ്തു. കനത്ത മൂടല്‍മഞ്ഞ് കാരണം പുതിയ മിസ്സിങ് ലിങ്ക് ടണല്‍ വഴിയുള്ള ഗതാഗതം മന്ദഗതിയിലാണ്. ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുള്ളതിനാല്‍ നദീതീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പും ഉണ്ട്. ഇന്നും പുനെയില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com