

മുതിര്‍ന്ന പൗരന്മാരുടെ നിരക്കിളവ് പുനഃസ്ഥാപിക്കണം; നിവേദനവുമായി കെസിഎസ് പന്‍വേല്‍
മുംബൈ: റെയ്ല്‍വേ റിസര്‍വേഷന്‍ സംവിധാനത്തില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് കൊവിഡ് കാലത്തിന് മുമ്പ് ലഭിച്ചിരുന്ന യാത്രാനിരക്കിളവ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേരളീയ കള്‍ച്ചറല്‍ സൊസൈറ്റി പന്‍വേല്‍ നിവേദനം നല്‍കി. രാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്ര റെയില്‍വേ മന്ത്രി, റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എന്നിവര്‍ക്കാണ് നിവേദനം.
കൊവിഡ് കാലത്ത് സ്ഥിരം സര്‍വീസുകള്‍ക്ക് പകരം പ്രത്യേക ട്രെയ്‌നുകൾ മാത്രമാണ് സര്‍വീസ് നടത്തിയിരുന്നത്. ഈ കാലയളവില്‍ മുതിര്‍ന്ന പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന യാത്രാ ഇളവ് നിര്‍ത്തിവെച്ചിരുന്നു.
എന്നാല്‍, കൊവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിക്കുകയും ട്രെയിന്‍ സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയും ചെയ്തിട്ടും മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള ഇളവ് ഇതുവരെ പുനഃസ്ഥാപിച്ചിട്ടില്ലെന്ന് കെസിഎസ് ഭാരവാഹികള്‍ പറഞ്ഞു.