മുംബൈയിൽ കനത്ത മഴ; വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഒരു മണിക്കൂർ നേരത്തേക്ക് തടസപ്പെട്ടു

Operations at Mumbai airport were disrupted for an hour due to heavy rain

കനത്ത മഴയിൽ മുംബൈ വിമാനത്താവളത്തിന്‍റെ പ്രവർത്തനം ഒരു മണിക്കൂർ തടസപ്പെട്ടു

Updated on

മുംബൈ: കാലവർഷം ശക്തിപ്രാപിച്ചതോടെ മുംബൈയിൽ ജനജീവിതം പ്രതിസന്ധിയിൽ. ഞായറാഴ്ച രാവിലെ ശക്തമായ മഴയും കാറ്റുമാണ് മുംബൈയിൽ റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാന സർവീസുകൾ ഒരു മണിക്കൂർ നേരത്തേക്ക് തടസപ്പെട്ടു.

കാലാവസ്ഥ പ്രതികൂലമായതോടെ വിമാനത്താവള അധികൃതർ റൺവേ ഓപ്പറേഷൻ രാവിലെ 10.17 മുതൽ 11.17 വരെ നിർത്തിവയ്ക്കുകയായിരുന്നു. ഇതോടെ വിമാനങ്ങളുടെ ടേക്ക് ഓഫും ലാൻഡിങ്ങും തടസപ്പെട്ടു. മുംബൈയിൽ നിന്നുള്ള വിമാനങ്ങൾ 75 മിനിട്ട് വൈകിയാണ് പുറപ്പെട്ടത്. കൂടാതെ മുംബൈയിൽ ഇറങ്ങേണ്ട വിമാനങ്ങൾ 28 മിനിട്ടും വൈകി. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്റഡാർ24.കോം പ്രകാരം മുംബൈ വിമാനത്താവളത്തിൽ 87 ശതമാനം വിമാന സർവീസുകൾ വൈകിയെന്നാണ് റിപ്പോർട്ട്.

കനത്ത മഴയും കാറ്റും കാരണം കാഴ്ചപരിധി കുറഞ്ഞതിനെ തുടർന്ന് യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് റൺവേയുടെ പ്രവർത്തനം താൽകാലികമായി നിർത്തിവയ്ക്കുകയായിരുന്നെന്ന് മുംബൈ ഇന്‍റർനാഷണൽ ലിമിറ്റഡ് പ്രസ്താവനയിൽ അറിയിച്ചു. നിലവിൽ കാലാവസ്ഥ അനുകൂലമായതിനാൽ വിമാന സർവീസ് സാധാരണ രീതിയിൽ പുനരാരംഭിച്ചെന്നും വിമാനത്താവള അധികൃതർ വ്യക്തമാക്കി.

logo
Metro Vaartha
www.metrovaartha.com