

മുംബൈയിൽ കനത്ത മഴ: റോഡുകളിൽ വെള്ളക്കെട്ട്
മുംബൈ: കനത്ത മഴയിൽ മുംബൈയിലെ ഗതാഗതം തടസപ്പെട്ടു. റെയിൽപ്പാളത്തിൽ വെള്ളം കയറിയതിനെത്തുടർന്ന് വാഡല റോഡ് ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് വരെയുള്ള സബർബൻ ട്രെയിൻ സർവീസുകൾ താത്കാലികമായി റദ്ദാക്കി.
നരിമാൻ പോയിന്‍റ് ഫയർസ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ 9 മണി മുതൽ 10 മണി വരെയുള്ള ഒരു മണിക്കൂറിൽ 104 മി.മി മഴയാണ് ഇവിടെ പെയ്തത്.
സിഎസ്എംടി യാർഡിലും വെള്ളക്കെട്ട് രൂക്ഷമാണ്. കുർള, സിയോൺ, ദാദർ, പറേൽ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറിയിട്ടുണ്ട്. വർളിയിൽ പുതുതായി നിർമിച്ച അണ്ടർഗ്രൗണ്ട് മെട്രോസ്റ്റേഷനിലും വെള്ളം കയറി. സ്റ്റേഷന്‍റെ ഗേറ്റുകളിലും പ്ലാറ്റ്ഫോമുകളിലും വെള്ളം കയറിയിട്ടുണ്ട്. പ്ലാറ്റ്ഫോം പൂർണമായും ചെളി വെള്ളത്തിൽ മുങ്ങിയ വിഡിയോകൾ പ്രചരിക്കുന്നുണ്ട്.