ഹോട്ടലുകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കണം; മഹാരാഷ്‌ട്രയിൽ കർശന നിർദേശം

4.5 ലക്ഷം സ്ഥാപനങ്ങളിലും പരിശോധന നടത്താന്‍ എഫ്ഡിഎ

Hotels should provide free drinking water

ഹോട്ടലുകളില്‍ കുടിവെള്ളം സൗജന്യമായി നല്‍കണം

Updated on

മുംബൈ: സംസ്ഥാനത്തെ ഹോട്ടലുകള്‍, റസ്റ്ററന്‍റുകള്‍, ധാബകള്‍, ക്ലൗഡ് കിച്ചനുകള്‍, ഓണ്‍ലൈന്‍ ഭക്ഷണ വിതരണക്കാര്‍ എന്നിവര്‍ക്കായി കര്‍ശനമായ ഭക്ഷ്യസുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ച് എഫ്‌ഡിഎ. അശ്രദ്ധ കാണിക്കുന്നവര്‍ക്ക് തടവുശിക്ഷ, പിഴ, ലൈസന്‍സ് റദ്ദാക്കല്‍, സ്ഥാപനം പൂട്ടിക്കല്‍ തുടങ്ങിയ കടുത്ത ശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് എഫ്ഡിഎ കമ്മീഷണര്‍ തുക്കാറാം മുണ്ടെ മുന്നറിയിപ്പ് നല്‍കി.

പുതിയ ഉത്തരവ് പ്രകാരം എല്ലാ ഹോട്ടലുകളും റസ്റ്ററന്‍റുകളും ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം തികച്ചും സജന്യമായി നല്‍കിയിരിക്കണം. കുപ്പിവെള്ളം വാങ്ങാന്‍ ഉപഭോക്താക്കളെ നിര്‍ബന്ധിക്കാന്‍ പാടില്ല. തങ്ങളുടെ സ്ഥാപനത്തില്‍ സൗജന്യമായി കുടിവെള്ളം ലഭ്യമാണെന്ന കാര്യം വ്യക്തമാക്കുന്ന ബോര്‍ഡുകള്‍ ഉപഭോക്താക്കള്‍ക്ക് കാണാന്‍ പാകത്തില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.

വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം പാകം ചെയ്യുക, ഉപയോഗിച്ച പാചക എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുക, കൃത്യമായ താപനിലയില്‍ ഭക്ഷണം സൂക്ഷിക്കാതിരിക്കുക, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത ജീവനക്കാരെ ജോലിക്ക് നിയോഗിക്കുക, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം നല്‍കാതിരിക്കുക തുടങ്ങിയ ഗുരുതര വീഴ്ചകളാണ് പരിശോധനയില്‍ കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് 'സേഫ് ഫുഡ് ഹെല്‍ത്തി മഹാരാഷ്ട്ര' എന്ന പേരില്‍ സംസ്ഥാനവ്യാപക കാമ്പയിന്‍ ആരംഭിച്ചിരിക്കുകയാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ഏകദേശം 4.5 ലക്ഷം സ്ഥാപനങ്ങള്‍ വരുംദിവസങ്ങളില്‍ പരിശോധിക്കും.

ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ 2006-ലെ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് ആക്ട് പ്രകാരമാണ് നിയമനടപടിയുണ്ടാകുക. സുരക്ഷിതമല്ലാത്ത ഭക്ഷണം കഴിച്ച് ഏതെങ്കിലും വ്യക്തി മരണപ്പെട്ടാല്‍ കുറ്റക്കാര്‍ക്ക് കുറഞ്ഞത് 7 വര്‍ഷം മുതല്‍ ആജീവനാന്തം വരെ തടവുശിക്ഷയും, കുറഞ്ഞത് 10 ലക്ഷം രൂപ പിഴയും ലഭിക്കാം. ഭക്ഷണം കാരണം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളോ പരിക്കുകളോ ഉണ്ടായാല്‍ 6 വര്‍ഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ഈടാക്കും. സാധാരണ രീതിയിലുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്ന പക്ഷം ഒരു വര്‍ഷം വരെ തടവും 3 ലക്ഷം രൂപ വരെ പിഴയും ചുമത്താം. ഭക്ഷണം സുരക്ഷിതമല്ലെങ്കില്‍, അത് കഴിച്ച് ആര്‍ക്കും പരിക്കുകളോ ആരോഗ്യപ്രശ്‌നങ്ങളോ ഉണ്ടായില്ലെങ്കില്‍ പോലും 3 മാസം വരെ തടവും 1 ലക്ഷം രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും.

ലൈസന്‍സോ രജിസ്‌ട്രേഷനോ ഇല്ലാതെ ഭക്ഷ്യവ്യവസായം നടത്തുന്നത് ഗുരുതരമായ കുറ്റമായി കണക്കാക്കി 10 ലക്ഷം രൂപ വരെ പിഴ ചുമത്തും. ഗുണനിലവാരമില്ലാത്ത ഭക്ഷ്യോത്പന്നങ്ങള്‍ നിര്‍മ്മിക്കുകയോ സംഭരിക്കുകയോ വില്‍ക്കുകയോ ചെയ്താല്‍ 5 ലക്ഷം രൂപ വരെയും, തെറ്റായ ലേബലൊട്ടിക്കുകയോ ബ്രാന്‍ഡിംഗില്‍ കൃത്രിമം കാണിക്കുകയോ ചെയ്താല്‍ 3 ലക്ഷം രൂപ വരെയും പിഴ ഈടാക്കും. വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയാറാക്കുകയോ സൂക്ഷിക്കുകയോ ചെയ്താല്‍ 1 ലക്ഷം രൂപ വരെയാണ് പിഴ.

logo
Metro Vaartha
www.metrovaartha.com