ട്രെയ്നില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍

യുവതിയുടെ കൈ മുറിച്ച് മാറ്റി

Accused arrested in incident where a young woman was pushed off a train

ട്രെയ്നില്‍ നിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതി അറസ്റ്റില്‍

Updated on: 

മുംബൈ: മുംബൈ ലോക്കല്‍ ട്രെയ്നില്‍ യാത്രക്കാരിക്ക് നേരെ ഉണ്ടായ അപമര്യാദയായ പെരുമാറ്റം ചോദ്യം ചെയ്തതിന് പിന്നാലെ സ്‌റ്റേഷനില്‍ നിന്ന് ട്രാക്കിലേക്ക് യുവതിയെ തള്ളിയിട്ടു. ആക്രമണത്തെ തുടര്‍ന്ന് യുവതിയുടെ ഇടത് കൈ മുറിച്ചുമാറ്റി. തലയ്ക്ക് ഗുരുതര പരുക്കേറ്റതിനെ തുടർന്ന് 16 സ്റ്റിച്ചുകള്‍ ഇടുകയും ചെയ്തിരുന്നു. സംഭവത്തില്‍ പ്രതിയായ ജിതേന്ദ്ര ഹിര്‍മുഖെയെ റെയ്ല്‍വേ പൊലീസ് അറസ്റ്റ് ചെയ്തു.

ബോറിവലിയില്‍ നിന്ന് നായ്ഗാവിലേക്ക് യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. യാത്രയ്ക്കിടെ പ്രതിയായ ജിതേന്ദ്ര ഹിര്‍മുഖെ അപമര്യാദയായി പെരുമാറുകയും മോശമായി സ്പര്‍ശിക്കുകയും ചെയ്തു. ഇത് യുവതി ശക്തമായി എതിര്‍ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ട്രെയ്ന്‍ നായ്ഗാവ് സ്റ്റേഷനില്‍ എത്തിയപ്പോഴും തര്‍ക്കം തുടര്‍ന്നു.

സ്റ്റേഷനില്‍ വെച്ച് പ്രകോപിതനായ പ്രതി യുവതിയെ ട്രെയ്നിനും പ്ലാറ്റ്ഫോമിനും ഇടയിലെ വിടവിലേക്ക് തള്ളിയിടുകയായിരുന്നു. ഇതിനിടയില്‍ ട്രെയ്ന്‍ മുന്നോട്ട് നീങ്ങിയതോടെ യുവതിയുടെ ഇടത് കൈ ട്രെയിന്‍ ചക്രങ്ങള്‍ക്ക് അടിയില്‍ പെടുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഗുരുതര പരിക്കേറ്റ യുവതിയെ ആദ്യം ആശുപത്രിയിലും പിന്നീട് തുടര്‍ചികിത്സയ്ക്കായി കൂപ്പര്‍ ആശുപത്രിയിലേക്കും മാറ്റി. കൈയുടെ ഭൂരിഭാഗവും നഷ്ടപ്പെട്ടതിനാല്‍ മുട്ടിന് താഴെയായി കൈ മുറിച്ച് മാറ്റുകയായിരുന്നു.

സംഭവത്തിന് ശേഷം മുഖം തൂവാല കൊണ്ട് മറച്ച് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പിടികൂടിയത്. പ്രതിക്കെതിരേ ലൈംഗികാതിക്രമത്തിനും വധശ്രമത്തിനുമുള്ള വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തനിക്ക് നീതി വേണമെന്നും കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന തനിക്ക് ഇനിയുള്ള ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നറിയില്ലെന്നും യുവതി പറഞ്ഞു.