വിവർത്തക തിലകം ലീല സർക്കാരിന് ഇപ്റ്റയുടെ ആദരം

യുവാക്കളുടെ പ്രതിനിധികളായി ശ്യാംലാൽ മണിയറയും പാർവതി എസ്. മേനോനും വേദ് നിരഞ്ജനും ചേർന്ന് ഇപ്റ്റയ്ക്കു വേണ്ടി പ്രശംസാപത്രം കൈമാറി.
വിവർത്തക തിലകം ലീല സർക്കാരിന് ഇപ്റ്റയുടെ ആദരം
Updated on

മുംബൈ: നൂറിലധികം ബംഗാളി നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനംചെയ്ത ലീല സര്‍ക്കാരിന് ആദരമർപ്പിച്ച് ഇപ്റ്റ കേരളയുടെ മുബൈ ഘടകം.

രബീന്ദ്രനാഥ ടഗോര്‍, ശരച്ചന്ദ്ര ചാറ്റര്‍ജി, മുന്‍ഷി പ്രേംചന്ദ്, വനഫൂല്‍, ബിഭൂതിഭൂഷണ്‍, ബുദ്ധദേവഗുഹ, സത്യജിത് റായ് തുടങ്ങിയവരുടേതുള്‍പ്പെടെ നിരവധി കൃതികള്‍ പരിഭാഷപ്പെടുത്തിയ ലീല സർക്കാരിന്‍റെ നെരൂളിലെ ഭാവനത്തിലെത്തിയായിരുന്നു ഇപ്റ്റ കേരളയുടെ മുംബൈ ഘടകം പ്രവർത്തകർ സ്നേഹാദരവിന്‍റെ നിറ പുഷ്പങ്ങള്‍ നൽകിയത്.

മലയാള സാഹിത്യത്തിന്‍റെ വികാസ ചരിത്രത്തില്‍ പരിഭാഷകളിലൂടെ രൂപപ്പെട്ട ഭാവുകത്വ പരിണാമത്തിൻ്റെ സുപ്രധാന സൂത്രധാരകരില്‍ ഒരാളെന്ന നിലയ്ക്ക് ഭാഷയേയും സാഹിത്യത്തെയും നവീകരിക്കുന്നതില്‍ ലീലാ സര്‍ക്കാര്‍ നല്‍കിയ സംഭാവനകളെ നന്ദിപൂർവ്വം ഓര്‍ക്കുവാനും ആ കര്‍മ്മസപര്യയെ അഭിവാദ്യം ചെയ്യുവാനുമാണ് ഇപ്റ്റ എഴുത്തുകാരിയുടെ വീട്ടിലെത്തിയത്. സംഘടനയുടെ വൈസ് പ്രസിഡണ്ട് മുരളി മാട്ടുമ്മൽ പ്രസിഡണ്ട് ബിജു കോമത് എന്നിവർ ചേർന്ന് വിവർത്തക ലീല സർക്കാരിന് ഇപ്റ്റ കേരള മുംബൈ ഘടകത്തിന്‍റെ സ്നേഹോപഹാരം കൈമാറി. ന്യൂ ബോംബെ കേരള സമാജത്തിന്‍റെ പ്രസിഡണ്ട് രുഗ്മിണി സാഗർ എഴുത്തുകാരിയുടെ സുഹൃത്തുമായ ബിജി ബിജു എന്നിവർ ചേർന്ന് കേക്ക് മുറിച്ചാണ് അനൗപചാരികമായി നടന്ന സ്നേഹാദരചടങ്ങു തുടങ്ങിയത്. യുവാക്കളുടെ പ്രതിനിധികളായി ശ്യാംലാൽ മണിയറയും പാർവതി എസ് മേനോനും വേദ് നിരഞ്ജനും ചേർന്ന് ഇപ്റ്റയ്ക്കു വേണ്ടി പ്രശംസാപത്രം കൈമാറി. മലയാള സാഹിത്യത്തിന്‍റെ വികാസ ചരിത്രത്തില്‍ പരിഭാഷകളിലൂടെ രൂപപ്പെട്ട ഭാവുകത്വ പരിണാമത്തിന് വലിയ പങ്കുണ്ടെന്നും ഗദ്യസാഹിത്യം തന്നെ പരിഭാഷയിലൂടെയാണ് ഉരുവം കൊണ്ടതെന്നും ഇപ്റ്റ രേഖപ്പെടുത്തി.

ആദ്യകാലത്ത് ആംഗലേയ സാഹിത്യമായിരുന്നു പരിഭാഷയ്ക്കു മൂലമായതെങ്കില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തോടെ വംഗ നാടിന്‍റെ കഥാ സാഹിത്യ ധന്യത മലയാളത്തിലേക്ക് ഒഴുകിയെത്തിയതും ടാഗോറിനെയും ജീബാനന്ദദാസിനെയുമൊക്കെ കവികള്‍ മലയാളത്തിലേക്ക് എത്തിച്ചപ്പോള്‍ ആ കഥാ സാഹിത്യത്തിന്‍റെ വിശാല ലോകം മലയാളം കണ്ടതിന് മലയാളികൾ ലീലാ സര്‍ക്കാരിനോട് വലിയ അളവില്‍ കടപ്പെട്ടിരിക്കുന്നു എന്നും പ്രശംസാപത്രത്തിൽ കുറിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ബിജു കോമത്, ബിഭൂതിഭൂഷൺ ബന്ദോപാധ്യായുടെ ആരണ്യകം എന്ന നോവലിന്‍റെ വിവർത്തനത്തിൽ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ചു വിവർത്തനത്തിന്‍റെ മാസ്മരികതയിലൂടെ ലീല സർക്കാർ ആ നോവലിന്‍റെ തപസ്സിനോടടുക്കുന്ന ആത്മവിശ്രാന്തികൾക്കിടയിൽ, കാടും മനുഷ്യനുമായുള്ള നിരന്തര വേഴ്ചകളെ മാന്ത്രികമായി കോറിയിട്ട ആനന്ദാനുഭൂതികൾ ഓർത്തെടുത്തു.

ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ സെക്രട്ടറി പി ആർ സഞ്ജയ് ആമുഖ ഭാഷണം നടത്തിയ ചർച്ചയിൽ സാംസ്‌കാരിക പ്രവർത്തകൻ വാസൻ വീരച്ചേരി, രുഗ്മിണി സാഗർ, ന്യൂ ബോംബെ കേരളീയ സമാജം സെക്രട്ടറി പി ഡി ജയപ്രകാശ്, സുരേഷ് പുളിയത്ത്, മാധ്യമ പ്രവർത്തകൻ എൻ ശ്രീജിത്, മുരളി മാട്ടുമ്മൽ എന്നിവർ ഇന്ത്യന്‍ ജീവിതത്തിന്‍റെ പൂര്‍ണ ദൃശ്യങ്ങള്‍ മലയാളി ആദ്യമായി സ്വന്തം ഭാഷയില്‍ ആസ്വദിക്കുമ്പോഴും വംഗ ഭാഷയെയും സംസ്കാരത്തെയും പൂര്‍ണമായും ഉള്‍ക്കൊണ്ടു നടത്തിയ ഈ സാംസ്കാരിക ദൗത്യത്തെ മലയാളം ഇനിയും വേണ്ട രീതിയില്‍ അംഗീകരിച്ചുവോ എന്ന സംശയം ചൂണ്ടിക്കാണിക്കുകയും ലീല സർക്കാർ എന്ന വലിയ സാംസ്കാരിക അംബാസഡറെ ഹൃദയപൂര്‍വ്വം അഭിവാദ്യം ചെയ്യേണ്ട ആവശ്യകത ഊന്നിപ്പറയുകയും ചെയ്തു.

1969-ല്‍ ദീപേഷ് സര്‍ക്കാറിനെ വിവാഹം കഴിച്ച്‌ ബംഗാളിന്‍റെ മരുമകളായി കയറിച്ചെന്ന ലീല സർക്കാറിന്‍റെ ആദ്യ പരിഭാഷ 1978-ല്‍ ജനയുഗത്തിലാണ് പ്രസിദ്ധപ്പെടുത്തയത്. 1994-ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിഭാഷയ്ക്കുള്ള അവാര്‍ഡ്, 2000-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2010-ല്‍ സി.പി. മേനോന്‍ സ്മാരക അവാര്‍ഡ്, 2015-ല്‍ വിവര്‍ത്തകരത്നം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മറുപടി പ്രസംഗത്തിൽ പുതിയ തലമുറയ്ക്ക് മലയാള ഭാഷയോടുള്ള വിമുഖതയും ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ അപചയവും തന്നെ ദുഖിതയാക്കുന്നു എന്ന് പ്രസ്താവിച്ചു. സിംഗപ്പൂരിൽ നിന്നും മടങ്ങിയെത്തിയ അച്ഛന്‍ ഡോ. കെ.കെ. മേനോൻ നടത്തിയ ഗ്രന്ഥശാല രൂപീകരണവും വിവർത്തനം തുടങ്ങിയ കാലത്തെ ഓർമ്മകളും ലീല സർക്കാർ പങ്കുവെച്ചു. വാസൻ വീരച്ചേരി നന്ദി പറഞ്ഞ ചടങ്ങു മലയാളത്തിന്‍റെ നോവല്‍ സാഹിത്യത്തെ നവീകരിക്കുന്നതിലും ഇന്ത്യന്‍ ജീവിതത്തിന്‍റെ വലിയ ക്യാന്‍വാസിലേക്ക് വിന്യസിക്കുന്നതിലും ലീലാസര്‍ക്കാരിന്‍റെ പരിഭാഷകള്‍ വഹിച്ച പങ്ക് സ്നേഹത്തോടെ ഓര്‍ത്തെടുത്താണ് ഉപസംഹരിച്ചത്. എല്ലാം പെട്ടന്ന് മറക്കുന്ന സമൂഹം രണ്ട് ഭാഷകള്‍ക്കും സംസ്കാരങ്ങള്‍ക്കും ഇടയ്ക്ക് മനോഹരമായ പാലം തീര്‍ത്ത ലീലാ സര്‍ക്കാരിനെ ഓർക്കേണ്ടത് സാംസ്കാരികമായ പ്രതിരോധമാണെന്ന് ഓർമപ്പെടുത്തിയാണ്‌ ഇപ്റ്റ കേരള മുംബൈ ഘടകം പ്രവർത്തകർ പിരിഞ്ഞത്.

logo
Metro Vaartha
www.metrovaartha.com