

ജോജോ തോമസ്, കങ്കണ റണാവത്ത്
മുംബൈ: നഴ്‌സിങ് ഏറ്റവുമധികം ലൈംഗികവല്‍ക്കരിക്കപ്പെട്ട ജോലിയാണെന്ന നടിയും ബിജെപി എംപിയുമായ കങ്കണയുടെ പരാമര്‍ശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നു. പ്രസ്താവന സ്ത്രീവിരുദ്ധവും യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതുമാണെന്ന് ചൂണ്ടിക്കാട്ടി മഹാരാഷ്ട്ര പ്രദേശ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജോജോ തോമസ് രംഗത്തെത്തി. നഴ്സിംഗ് സമൂഹത്തെക്കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം അത്യന്തം അപലപനീയവും സാമൂഹിക ബഹുമാനം തകര്‍ക്കുന്നതുമാണെന്ന് കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.
നഴ്സിംഗ് ഒരു ശാസ്ത്രീയവും അത്യന്തം സേവനാധിഷ്ഠിതവുമായ മേഖലയാണെന്നും, കോവിഡ് മഹാമാരിയുടെ ഏറ്റവും ദുരിതകാലത്ത് സ്വന്തം ജീവന്‍ പോലും പണയം വെച്ച് രോഗികളെ പരിചരിച്ച നഴ്സുമാരെ അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
''ലക്ഷക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരുടെ ആത്മാഭിമാനത്തെയാണ് ഇത്തരം പരാമര്‍ശങ്ങള്‍ ചോദ്യം ചെയ്യുന്നത്.
നിരന്തരം വിവാദ പ്രസ്താവനകളിലൂടെ ജനശ്രദ്ധ നേടുന്ന പ്രവണതയുടെ ഭാഗമായാണ് ഇത്തരം പരാമര്‍ശങ്ങളെ കാണണമെന്നും കങ്കണയ്‌ക്കെതിരെ നടപടി എടുക്കണമെന്നും ജോജോ തോമസ് ആവശ്യപ്പെട്ടു.