എക്സിറ്റ് പോളുകൾ വിശ്വസിക്കാമോ; മുംബൈ മലയാളികൾ മനസു തുറക്കുന്നു

മഹാരാഷ്ട്രയിൽ ചില സര്‍വേകള്‍ എന്‍ഡിഎയ്ക്ക് കൃത്യമായ മേല്‍ക്കോയ്മ പ്രവചിക്കുമ്പോള്‍ ചിലത് കടുത്ത പോരാട്ടമാണ് പ്രവചിച്ചത്.
മുംബൈ മലയാളികൾ മനസു തുറക്കുന്നു
മുംബൈ മലയാളികൾ മനസു തുറക്കുന്നു

ഹണി വി.ജി.

മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. മെയ്‌ 20 നായിരുന്നു മഹാരാഷ്ട്രയിൽ അവസാന ഘട്ട വോട്ടെടുപ്പ് നടന്നത്. അന്ന് തന്നെയായിരുന്നു മുംബൈ താനെ പാൽഖർ ജില്ലകളിലെ തിരഞ്ഞെടുപ്പും. ഈ മൂന്നു ജില്ലകളിലെ ചില മണ്ഡലങ്ങളിൽ മലയാളി വോട്ടർമാർനിർണ്ണായക സ്വാധീനം ചെലുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഉദാഹരണത്തിന് താനെ ലോക്സഭ മണ്ഡലത്തിൽ മലയാളി വോട്ടർമാരുടെ എണ്ണം വളരെ കൂടുതലാണ്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്നാഥ് ഷിൻഡെയുടെ നിർദേശ പ്രകാരം ശിവസേന സൗത്ത് ഇന്ത്യൻ സെല്ലിന്‍റെ ആഭിമുഖ്യത്തിൽ താനെയിൽ നടന്ന യോഗത്തിൽ നൂറു കണക്കിന് മലയാളികൾ അടക്കം ആയിരങ്ങളാണ് പങ്കെടുത്തത്. അതുപോലെ കേരളത്തിൽ നിന്നും കോൺഗ്രസ്‌ നേതാക്കളും, ബിജെപി നേതാക്കളും മഹാരാഷ്ട്രയിൽ പ്രചാരണത്തിന് എത്തിയിരുന്നു. ചെറിയ യോഗങ്ങളും കുടുംബയോഗങ്ങളും സംഘടിപ്പിച്ച് വലിയ കയ്യടി നേടിയാണ് ഈ നേതാക്കൾ മഹാരാഷ്ട്രയിൽ നിന്നു തിരിച്ചു പോയത്.

എക്സിറ്റ് പോൾ ഫലങ്ങളിൽ ഭൂരിപക്ഷവും എൻ ഡി എ സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്നാണ് പ്രവചനം. മഹാരാഷ്ട്രയിൽ ചില സര്‍വേകള്‍ എന്‍ഡിഎയ്ക്ക് കൃത്യമായ മേല്‍ക്കോയ്മ പ്രവചിക്കുമ്പോള്‍ ചിലത് കടുത്ത പോരാട്ടമാണ് പ്രവചിച്ചത്. 2019ല്‍ എന്‍ഡിഎയ്ക്കുണ്ടായിരുന്നു വൻ ഭൂരിപക്ഷം പക്ഷെ ഇത്തവണ കിട്ടില്ലെന്ന് എല്ലാ സര്‍വേകളും ഒരുപോലെ പ്രവചിക്കുന്നുണ്ട്.

2019ല്‍ ആകെയുള്ള 48ല്‍ 41ഉം തൂത്തുവാരിയതാണ് എന്‍ഡിഎ സഖ്യം. പക്ഷെ അതേവര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ആ സഖ്യം പിളര്‍ന്നു. ശിവസേന പാര്‍ട്ടി വിട്ടു. സഖ്യം വിട്ട് പോയ ശിവസേനയെയും സഖ്യത്തിലില്ലാതിരുന്ന എന്‍സിപിയെയും പിളര്‍ത്തി ഒപ്പം കൂട്ടിയ ബിജെപി പരീക്ഷണം ഗുണം ചെയ്‌തെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങളെ ബിജെപി ക്യാമ്പ് കാണുന്നത്. ഒറ്റയ്ക്ക് നിന്നിരുന്നെങ്കില്‍ സ്ഥിതി മോശമായേനെ എന്ന ചില സര്‍വേ ഫലങ്ങള്‍ വന്നതിന് ശേഷമാണ് സംസ്ഥാനത്ത് വമ്പന്‍ പിളര്‍പ്പുകള്‍ കണ്ടതും.

എന്നാല്‍ കഴിഞ്ഞ തവണത്തെ പോലെ 41 സീറ്റ് എന്‍ഡിഎ സഖ്യത്തിന് കിട്ടില്ലെന്ന് എല്ലാ സര്‍വേകളും പറയുന്നു. എന്നാൽ ഈ അഭിപ്രായത്തോട് സമ്മിശ്ര പ്രതികരണമാണ് മുംബൈ മലയാളികൾക്കുള്ളത്.

"വാർധക്യത്തിന്‍റെയും രോഗങ്ങളുടെയും അസ്കിതയിലും മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യൻ ശരദ് പവാർ തന്നെ. ബാൽ താക്കറെയുടെ പിൻമുറക്കാരൻ ഉദ്ദവ് ആണെന്നും കാലം തെളിയിച്ചതാണ്. അധികാരമോഹവും ധനമോഹവും സ്വാർഥതയുമാണ് ഒരു രാഷ്ട്രീയ കാരണവുമില്ലാതെ സേനയും എൻ സി പി യും പിളരാൻ കാരണം. ഈ കൊടും ചതിയോട് ജനം ശക്തമായി പ്രതികരിക്കും. അടിയൊഴുക്ക് ശക്തമാണ്. എൻ സി പിയും ഉദ്ദവിന്‍റെ സേനയും കോൺഗ്രസ്സിനെക്കാൾ സ്ഥിതി മെച്ചപ്പെടുത്തും. ഇന്ത്യ മുന്നണിയുടെ പ്രവർത്തനം ശക്തമായിരുന്നെങ്കിൽ ഭരണം ഉറപ്പ് എന്നു പറയാമായിരുന്നു", എഴുത്തുകാരനും മുംബൈ മലയാളിയുമായ സുരേഷ് വർമ്മ പറയുന്നു.

അതേസമയം എൻ ഡി എ സർക്കാരിന്‍റെ ഭരണ നേട്ടങ്ങളാണ് വീണ്ടും അധികാരത്തിൽ വരാൻ സഹായിക്കുക എന്ന് മുംബൈ താനെ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്‍റ് ബിജുകുമാർ പറഞ്ഞു.

"സ്വാതന്ത്യാനന്തര ഭാരത ചരിത്രത്തിൽ ഇത്രയും വികസന പ്രവർത്തനങ്ങൾ നടന്നത് കഴിഞ്ഞ ഒരു ദശാബ്ധ കാലത്താണെന്ന് വ്യക്തമാണ്. ഒപ്പം അത് നേരിട്ട് കാണാനും സാധിച്ചിട്ടുണ്ട് ഇന്ത്യയുടെ വാണിജ്യ തലസ്ഥാനമായ മുംബൈ നില നിൽക്കുന്ന മഹാരാഷ്ട്ര പല രീതിയിലുമുള്ള വളർച്ചയിൽ എറെ മുന്നിലാണ് ഇതെല്ലാം തന്നെ കഴിഞ്ഞ പത്ത് വർഷത്തെ കേന്ദ്ര ഭരണത്തിന്‍റെ സഹായത്താലാണ്. കേന്ദ്ര ഭരണം എൻ ഡി എയുടെ കൈയ്യിൽ മൂന്നാമതും തുടർച്ചയായി എത്തുമെന്നും കേന്ദ്രം ഭരിയ്ക്കുന്ന സഖ്യം മഹരാഷ്ട്രയിലും വന്നാലേ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടക്കൂ എന്ന തിരിച്ചറിവ് ഒന്ന് കൊണ്ട് മാത്രമാകാം എക്സിറ്റ് പോൾ ഫലങ്ങൾ എൻഡിഎയ്ക്ക് അനുകൂലമായതെന്നും ബിജുകുമാർ പറഞ്ഞു.

എന്നാൽ മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് ആയിരിക്കും മുൻ‌തൂക്കം എന്നാണ് സാമൂഹ്യ പ്രവർത്തകനും താക്കൂർലി നിവാസിയുമായ രമേശ്‌ വാസുവിന്‍റെ അഭിപ്രായം.

"മഹാരാഷ്ട്രയിൽ ഇന്ത്യ മുന്നണി 25-30 സീറ്റ് നേടും. രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടർമാരും ഈ അവസരത്തിൽ അവസരവാദ-അധികാര മോഹികളായ രാഷ്ട്രീയക്കാരെ അവഗണിക്കുമെന്നാണ് എന്‍റെ വിലയിരുത്തൽ. കേരളത്തിൽ 8-10 സീറ്റ് ഇടതുപക്ഷവും 12-10 സീറ്റുകൾ യു ഡി എഫും നേടും",രമേശ്‌ വാസു പറഞ്ഞു.

അതേസമയം ശിവേസേന കേരള സെൽ മഹാരാഷ്ട്രാ സ്റ്റേറ്റ് കോർഡിനേറ്റർ ആയ ശ്രീകാന്ത് നായർ പറയുന്നത് എൻ ഡി എ സർക്കാർ 400 സീറ്റെന്ന മാജിക് ഫിഗർ കടക്കും എന്ന് തന്നെയാണ്.

"കേന്ദ്രത്തിൽ നരേന്ദ്ര മോഡി വീണ്ടും പ്രധാനമന്ത്രി യാകും. തുടർച്ചയായ മൂന്നാo തവണയും അധികാരത്തിലേറുന്ന മോഡി കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ സീറ്റുകൾ നേടുകയും 400 സീറ്റ് എന്ന മാന്ത്രിക സംഖ്യ മറികടക്കും എന്നതിലും സംശയമില്ല. മഹാരാഷ്ട്രയിൽ എൻ ഡി എ സഖ്യം 35 സീറ്റിലധികം നേടും. കേരളത്തിൽ ബിജെപി മൂന്നു വരെ സീറ്റുകൾ നേടി ചരിത്രം കുറിക്കും. എൽ ഡി എഫി ന് ഒരു സീറ്റ് കിട്ടുവാനുള്ള സാധ്യത കാണുന്നുവെന്നും ശ്രീകാന്ത് നായർ കൂട്ടിച്ചേർത്തു.

ഈ തെരഞ്ഞെടുപ്പിൽ ഇന്ത്യ സഖ്യം വിജയിക്കുമെന്നും മഹാരാഷ്ട്രയിൽ ഇന്ത്യ സഖ്യത്തിന് വ്യക്തമായ ലീഡ് ഉണ്ടായിരിക്കുമെന്നാണ് താനെ നിവാസിയും കോൺഗ്രസ്‌ അനുഭാവിയുമായ സജിഷ് പ്രതികരിച്ചത്. പല സംസ്ഥാനങ്ങളിലും ഇന്ത്യ സഖ്യത്തിന് വലിയ സാധ്യതകളാണ് കാണുന്നതെന്നും അതുകൊണ്ട് തന്നെ ഇത്തരം എക്സിറ്റ് പോളുകളിൽ നിന്നും വളരെ വിഭിന്നമായിരിക്കും ഫലം എന്നും സജിഷ് പറഞ്ഞു.

പൻവേൽ നിവാസിയും സാമൂഹ്യ പ്രവർത്തകയും ഇടത് സഹയാത്രികയുമായ സുമലതക്ക് പറയാനുള്ളത് ഇന്ത്യ സഖ്യം മഹാരാഷ്ട്രയിൽ മികച്ച മുന്നേറ്റം ഉണ്ടാക്കുമെന്ന് തന്നെയാണ്.

"മഹാരാഷ്ട്രയിലെ എക്സിറ്റ് പോൾ ഫലം അനുസരിച്ച് എൻ ഡി എയ്ക്ക് വലിയ മുൻതൂക്കം പറയുന്നുണ്ടെങ്കിലും അത് അത്ര മുഖവിലയ്ക്ക് എടുക്കേണ്ടതില്ല എന്നതാണ് ഇവിടുത്തെ പ്രദേശിക ജനവികാരം പറയുന്നത്. ശിവസേനയുടെ നല്ലൊരു ഭാഗം പിളർത്തി കൊണ്ട് പോയ ഷിൻഡെ യെ കാത്തിരിക്കുന്നത് കനത്ത പരാജയമായിരിക്കും എന്നതിൽ തർക്കമില്ല. പാർട്ടി ചിഹ്നം നഷ്ടപ്പെട്ട പടനായകൻ എന്ന വൈകാരികതയെ വോട്ടാക്കി മാറ്റാൻ ശരത് പവാറിന് കഴിഞ്ഞിട്ടുണ്ട് എന്നത് കൊണ്ട് തന്നെ എൻ ഡി എ യുടെ വിജയം അത്ര അനായാസമാവില്ല. കേരളത്തിൽ എൽ ഡി എഫ് 8 ൽ കുറയാത്ത സീറ്റുകൾ നേടും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും സുമലത പറയുന്നു.

Trending

No stories found.

Latest News

No stories found.