

എൽപിജി കിട്ടാനില്ല; മുംബൈയിൽ 20 ശതമാനം ഭക്ഷണശാലകളും അടച്ചു
മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിന്‍റെ ഭാഗമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ എൽപിജി ക്ഷാമം നേരിടുന്നതായി റിപ്പോർട്ട്. മുംബൈയിൽ മാത്രം എൽപിജി ലഭ്യതയില്ലാത്തതിനാൽ 20 ശതമാനം ഹോട്ടലുകളും റസ്റ്ററന്‍റുകളും അടച്ചു പൂട്ടിയെന്ന് മുംബൈ ഹോട്ടൽസ് ആൻഡ് റസ്റ്ററന്‍റ്സ് അസോസിയേഷൻ (എഎച്ച്ആർഎ) പറയുന്നത്. നഗരത്തിൽ പാതിയോളം ഹോട്ടലുകളും അടച്ചു പൂട്ടലിന്‍റെ വക്കിലാണെന്നും സംഘടന പറയുന്നു. ഹോട്ടലുകൾ അടച്ചു പൂട്ടിയത് ഹോട്ടൽ ഉടമസ്ഥർ വ്യക്തിപരമായി എടുത്ത തീരുമാനമായിരുന്നുവെന്നും സംഘടന പറയുന്നു.
എൽപിജി ലഭ്യതയിൽ ഇനിയും ബുദ്ധിമുട്ട് നേരിട്ടാൽ റസ്റ്ററന്‍റ് മേഖലയെ അതു കാര്യമായി ബാധിക്കുമെന്നും സംഘടന മുന്നറിയിപ്പ് നൽകുന്നുണ്ട്. അതേ സമയം ഇക്കാര്യത്തിൽ പരിശോധന നടത്തുന്നതിനായി പെട്രോളിയം മന്ത്രാലയം ഒരു സമിതിയെ രൂപീകരിച്ചു. നിലവിൽ രാജ്യത്ത് വേണ്ടത്ര ഇന്ധനത്തിന്‍റെ ശേഖരം ഉണ്ടെന്നാണ് മന്ത്രാലയം അവകാശപ്പെടുന്നത്.
ഓയിൽ റിഫൈനറികളോട് എൽപിജി ഉത്പാദനം വർധിപ്പിക്കാൻ നിർദേശവും നൽകിയിട്ടുണ്ട്. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ വേണ്ടിയാണ് ഗ്യാസ് സിലിണ്ടർ വിതരണം ചെയ്ത് 21 ദിവസത്തിനു ശേഷമേ വീണ്ടും ബുക്ക് ചെയ്യാൻ സാധിക്കൂ എന്ന നിർദേശം മുന്നോട്ടു വച്ചിരിക്കുന്നത്. നിലവിൽ ഇറക്കുമതി ചെയ്യുന്ന എൽപിജി ആശുപത്രി, വിദ്യാഭ്യാസം തുടങ്ങിയ അവശ്യ മേഖലകളിലേക്കാണ് വിതരണം ചെയ്യുന്നത്.