മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പ്; ഔറംഗാബാദ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ സിറ്റിങ് എംഎൽസി സതീഷ് ചവാൻ എൻസിപി സ്ഥാനാർഥി

2008 മുതൽ മൂന്ന് തവണ ചവാൻ ഔറംഗാബാദ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തെ നിയമസഭാ കൗൺസിലിൽ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് പാർട്ടി അറിയിച്ചു
Satish Chavan MLC

സതീഷ് ചവാൻ എംഎൽസി

Updated on: 

മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ഔറംഗാബാദ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തിൽ സിറ്റിങ് എംഎൽസി സതീഷ് ചവാനെ സ്ഥാനാർഥിയാക്കുമെന്ന് സുനേത്ര പവാർ നേതൃത്വം നൽകുന്ന നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) പ്രഖ്യാപിച്ചു. ഇതുസംബന്ധിച്ച് എൻസിപി സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കറെ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.

2008 മുതൽ മൂന്ന് തവണ ചവാൻ ഔറംഗാബാദ് ഗ്രാജ്വേറ്റ്സ് മണ്ഡലത്തെ നിയമസഭാ കൗൺസിലിൽ പ്രതിനിധീകരിച്ചിട്ടുണ്ടെന്ന് പാർട്ടി അറിയിച്ചു.

ബിജെപിയും ഏക്നാഥ് ഷിൻഡെ വിഭാഗം ശിവസേനയും ഉൾപ്പെടുന്ന ഭരണകക്ഷിയായ മഹായുതിയുടെ ഭാഗമാണ് എൻസിപി. മഹായുതി സീറ്റ് വിഭജനം 3:1:1 എന്ന ഫോർമുലയിലാണ് അന്തിമമാക്കിയിരിക്കുന്നത്. ഇതനുസരിച്ച് ബിജെപി മൂന്ന് സീറ്റിലും എൻസിപിയും ശിവസേനയും ഓരോ സീറ്റിലും മത്സരിക്കും.

അതേസമയം, പൂനെ ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ മഹായുതിക്കുള്ളിൽ ഭിന്നത ഉടലെടുത്തു. ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ഈ മണ്ഡലത്തിൽ മത്സരിക്കാൻ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.

പൂനെ ഡിവിഷൻ ടീച്ചേഴ്സ് മണ്ഡലത്തിൽ ബിജെപി കൗസ്തുഭ് മുരളീധർ ഗാവ്ഡെയെ സ്ഥാനാർഥിയാക്കിയപ്പോൾ ശിവസേനയുടെ മംഗേഷ് ചിവ്തെയും മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് സൂചന.

പൂനെ ഡിവിഷൻ ഗ്രാജ്വേറ്റ്സ്, നാഗ്പൂർ ഡിവിഷൻ ഗ്രാജ്വേറ്റ്സ്, പൂനെ ഡിവിഷൻ ടീച്ചേഴ്സ്, ഛത്രപതി സംഭാജിനഗർ ഗ്രാജ്വേറ്റ്സ്, അമരാവതി ടീച്ചേഴ്സ് മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്റ്റോബർ 23ന് വോട്ടെടുപ്പും 27ന് വോട്ടെണ്ണലും നടക്കും.

logo
Metro Vaartha
www.metrovaartha.com