
ധനഞ്ജയ് മുണ്ടെ
ന്യൂഡൽഹി: മഹാരാഷ്ട്ര മന്ത്രിയും എൻസിപി നേതാവുമായ ധനഞ്ജയ് മുണ്ടെ രാജി വച്ചു. ബീഡ് സർപഞ്ച് സന്തോഷ് ദേശ്മുഖിന്‍റെ കൊലക്കേസിൽ മുണ്ടെയുടെ അനുയായി വാൽമീക് കാരാടിനെ പൊലീസ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് മുണ്ടെ രാജി സമർപ്പിച്ചത്. മുണ്ടെയുടെ രാജി താൻ സ്വീകരിച്ചുവെന്നും ഗവർണർക്ക് കൈമാറിയെന്നും ഫഡ്നാവിസ് വ്യക്തമാക്കി. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തിയാണ് രാജിയെന്നും സർപഞ്ച് കൊലക്കേസിൽ കുറ്റക്കാരന് മതിയായ ശിക്ഷ ലഭിക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നതെന്നും രാജി സമർപ്പിച്ചതിനു ശേഷം മുണ്ടെ മാധ്യമങ്ങളോട് പറഞ്ഞു.
ഫഡ്നാവിസ് മന്ത്രിസഭയിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വിഭാഗം മന്ത്രിയായിരുന്നു മുണ്ടെ.
ബീഡിലെ മാസജോഗ് ഗ്രാമത്തിലെ സർപഞ്ച് ആയിരുന്ന സന്തോഷ് ദേശ്മുഖ് കഴിഞ്ഞ വർഷം ഡിസംബറിലാണ് കൊല്ലപ്പെട്ടത്. ജില്ലയിൽ പ്രവർത്തനമാരംഭിച്ച പ്രമുഖ കമ്പനിയുമായുള്ള ശത്രുതയെത്തുടർന്ന് തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചാണ് ഇയാളെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഫെബ്രുവരി 27ന് കേസിൽ 1200 പേജ് വരുന്ന കുറ്റപത്രം സിഐഡി ബീഡ് ജില്ലാ കോടതിയിൽ സമർപ്പിച്ചു. മുണ്ടെയുടെ അനുയായി കേസിൽ അറസ്റ്റിലായ സാഹചര്യത്തിൽ പ്രതിപക്ഷം അതു സർക്കാരിനെതിരേ ആയുധമാക്കാൻ സാധ്യതയുള്ളതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഈ പശ്ചാത്തലത്തിൽ അജിത് പവാർ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഫഡ്നാവിസ് അടിയന്തരമായി രാജി ആവശ്യപ്പെട്ടത്.