മുംബൈ: പ്രശസ്ത കവിയും മലയാളം മിഷന്‍ ഭരണ സമിതി അംഗവുമായിരുന്ന സുഗതകുമാരിക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് മലയാളം മിഷന്‍ സംഘടിപ്പിച്ച സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിന്‍റെ ഫലം പ്രഖ്യാപിച്ചു. ചാപ്റ്റര്‍ തല മത്സരത്തിലെ ഈ വിജയികള്‍ അടുത്ത പാദത്തിലെ ആഗോള മത്സരത്തില്‍ പങ്കെടുക്കുന്നതാണെന്ന് ഭാരവാഹികൾ അറിയിച്ചു. ഇത് നാലാം വര്‍ഷമാണ് കാവ്യാലാപന മത്സരം നടത്തുന്നത്. ലോകമെമ്പാടുമുള്ള മലയാളം മിഷന്‍ ചാപ്റ്റര്‍/ മേഖലകളിലെ പഠിതാക്കളാണ് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തില്‍ പങ്കെടുത്തത്. 5 മുതല്‍ 10 വയസു വരെയുള്ള കുട്ടികള്‍ സബ് ജൂനിയര്‍ വിഭാഗത്തിലും 10 വയസിന് മുകളില്‍ 16 വയസു വരെയുള്ളവര്‍ ജൂനിയര്‍ വിഭാഗത്തിലും 16 വയസിന് മുകളില്‍ 20 വയസു വരെയുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമാണ് മത്സരിച്ചത്.
ഈ വര്‍ഷം സബ് ജൂനിയര്‍ വിഭാഗക്കാര്‍ ചങ്ങമ്പുഴ കവിതകളും, ജൂനിയര്‍ വിഭാഗക്കാര്‍ ബാലാമണിയമ്മ കവിതകളും സീനിയര്‍ വിഭാഗക്കാര്‍ ഇടശ്ശേരി കവിതകളുമാണ് ചൊല്ലിയത്. മൂന്നു ഘട്ടങ്ങളായാണ് മത്സരങ്ങള്‍ നടത്തുന്നത്. മേഖലാ തലത്തില്‍ നടത്തുന്നതാണ് ഒന്നാം ഘട്ടം. മേഖലാതലത്തിലുള്ള വിജയികള്‍ ചാപ്റ്റര്‍ തല മത്സരത്തില്‍ മാറ്റുരയ്ക്കുന്നു. ഈ മത്സരങ്ങളുടെ ചുമതല പൂര്‍ണ്ണമായും അതാതു ചാപ്റ്ററുകള്‍ക്കാണ്.ചാപ്റ്റര്‍ തല മത്സരങ്ങളിലെ 1, 2, 3 സ്ഥാനക്കാരെ ഉള്‍പ്പെടുത്തി നടത്തുന്ന ആഗോള ഫൈനല്‍ മത്സരമാണ് മൂന്നാം ഘട്ടം.ഫൈനല്‍ മത്സരത്തിന്‍റെ മേല്‍നോട്ടം മലയാളം മിഷന്‍ നേരിട്ട് നടത്തും.
മുംബൈ ചാപ്റ്ററിലെ പന്ത്രണ്ടു മേഖലകളിലെ വിജയികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ചാപ്റ്റര്‍ തല ഫൈനല്‍ മത്സരം ജൂലൈ 28, ഞായറാഴ്ചയാണ് നടന്നത്. പ്രതികൂല കാലാവസ്ഥയില്‍ ദൂര പ്രദേശങ്ങളില്‍ നിന്ന് വരുന്ന മത്സരാര്‍ഥികള്‍ക്ക് എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഈ വര്‍ഷം നേരിട്ടുള്ള സ്റ്റേജ് മത്സരങ്ങള്‍ ഒഴിവാക്കി, കാവ്യാലാപനത്തിന്‍റെ വീഡിയോ മൊബൈല്‍ ക്യാമറ ഉപയോഗിച്ച് റെക്കോര്‍ഡ് ചെയ്ത് നിശ്ചിത സമയത്തിനുള്ളില്‍ അയച്ചുകൊണ്ടാണ് മത്സരം സംഘടിപ്പിച്ചത്.
ചാപ്റ്റര്‍ തല മത്സരത്തില്‍ ലഭിച്ച വീഡിയോകള്‍ ആഗസ്റ്റ് 10 ന് രാവിലെ 10.30 മണി മുതല്‍ ചെമ്പൂര്‍ ആദര്‍ശ വിദ്യാലയത്തില്‍ പ്രത്യേകം സജ്ജീകരിച്ച സദസില്‍ പ്രദര്‍ശിപ്പിച്ച് മൂല്യനിര്‍ണ്ണയം നടത്തി അന്ന് തന്നെ ഫലം പ്രഖ്യാപിച്ചു.
സബ് ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ശിവ് ശങ്കര്‍ കൃഷ്ണ, (പവായ്-സാക്കിനാക്ക-കിഴക്കന്‍ മേഖല), രണ്ടാം സ്ഥാനം ആദിദേവ ദിലീപ് (മഹാഡ് – കാമോഠേ മേഖല), മൂന്നാം സ്ഥാനം ദ്യുതി എന്‍. സൂരജ് (മുംബ്ര – കല്യാണ്‍ മേഖല) എന്നിവര്‍ക്കും ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ഹരിത മേനോന്‍ (ഖാര്‍ഘര്‍ - ഐരോളി മേഖല) രണ്ടാം സ്ഥാനം ദേവിക എസ്. നായര്‍ (നല്ലസൊപാര - ബോയ്സർ മേഖല) മൂന്നാം സ്ഥാനം വൈഗ ഷൈജു (ഖാര്‍ഘര്‍ - ഐരോളി മേഖല) എന്നിവര്‍ക്കും സീനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം മാനസ പ്രേം നാഥന്‍ (മഹാഡ് – കാമോഠേ മേഖല), രണ്ടാം സ്ഥാനം കാര്‍ത്തിക വിനോദ് (മുംബ്ര – കല്യാണ്‍ മേഖല), മൂന്നാം സ്ഥാനം മെറിന്‍ അന്നാ ജോയ്സ് (കൊങ്കണ്‍ മേഖല) എന്നിവര്‍ക്കുമാണ് ലഭിച്ചത്.
മധു നമ്പ്യാര്‍, ടി.കെ മുരളീധരന്‍, മനോജ് മുണ്ടയാട്ട് എന്നിവരായിരുന്നു മത്സരത്തിന്‍റെ വിധികര്‍ത്താക്കള്‍. .ചാപ്റ്റര്‍ സെക്രട്ടറി രാമചന്ദ്രന്‍ മഞ്ചറമ്പത്ത് സ്വാഗതം പറഞ്ഞു. ഹരി നമ്പ്യാത്ത് അവതാരകനായിരുന്നു. ചാപ്റ്റര്‍ കണ്‍വീനര്‍ ജീവരാജന്‍ നന്ദി പ്രകാശിപ്പിച്ചു.