മുംബൈ: വിവാഹ സ്വപ്നം പൂവണിയുന്നതിന് മുംബൈ ശ്രീനാരായണ മന്ദിരസമിതി സംഘടിപ്പിച്ച 45ാമത് വിവാഹ ബാന്ധവ മേള വൻ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുഖ്യ അതിഥി എൽഐസി മുംബൈ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ സുധാകറാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. "മൗനം പോലും മനസിലാക്കാൻ സാധിക്കുന്ന മനോഹരമായ ബന്ധമായി വിവാഹിതർ മുന്നോട്ടു പോകണം. വിവാഹത്തിലൂടെ തന്‍റെ ഭാര്യയെയോ ഭർത്താവിനെയോ പല പ്രാവശ്യം പ്രണയിക്കുമ്പോൾ അവരുടെ ജീവിതം സ്നേഹത്തോടെ മുന്നോട്ടു പോകുന്നതായി കാണാൻ കഴിയുന്നുണ്ടെന്നും ആർ. സുധാകർ പറഞ്ഞു. സമിതി നടത്തുന്ന ഈ സത്കർമ്മത്തിൽ ഇത്തവണ മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, കൂടാതെ കേരളം, ജബൽപൂർ, ഗുജറാത്ത് ഡൽഹി എന്നിവിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളായ യൂ കെ, അയർലാന്‍റ്, ജർമ്മനി, ദുബായ് എന്നിവിടങ്ങളിൽ നിന്നും യുവതീയുവാക്കൾ പങ്കെടുക്കുന്നുണ്ടെന്നും സമിതി പ്രസിഡന്‍റ് എം. ഐ. ദാമോദരൻ അറിയിച്ചു.
ആദ്യകാലങ്ങളെ അപേക്ഷിച്ചു ഇത്തവണയും ആൺകുട്ടികളുടെ രജിസ്ട്രേഷൻ ആണ് കൂടുതൽ എന്നും അവരുടെ വിദ്യാഭ്യാസ യോഗ്യത വർധിച്ചു വരുന്നതായും വയസ്സിന്‍റെ അനുപാതം കുറഞ്ഞു വരുന്നതായും കിട്ടിയ രജിസ്ട്രേഷനിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞെന്നു സമിതി ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് പറഞ്ഞു.
"45ാമത് ബാന്ധവ മേളയിൽ രാജസ്ഥാനിൽ നിന്ന് പങ്കെടുത്ത 29 വയസ്സുകാരി പൂജ, ഇതൊരു പുതിയ അനുഭവം ആണെന്നും ഒരു ദിവസം കൊണ്ട് തന്നെ കുറെ അനുയോജ്യരായവരെ കണ്ടെത്താൻ സാധിച്ചു എന്നും ഈ അനുഭവം വളരെ വിലപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു." മാറിക്കൊണ്ടിരിക്കുന്ന ഈ ജീവിത സാഹചര്യത്തിൽ ഇങ്ങനെയുള്ള സംരംഭങ്ങൾ പ്രത്യേകിച്ചും യുവതീയുവാക്കൾക്ക് ഒപ്പം മാതാപിതാക്കൾക്കും ഏറെ ഗുണപരമാണെന്നും അഭിപ്രായപ്പെട്ടു
"ഗുജറാത്തിൽ നിന്നെത്തിയ 32 വയസ്സുകാരനായ റോഷൻ കുറെ നാളുകളായി അനുയോജ്യരായ പങ്കാളിയെ തേടുകയായിരുന്നു. കുറെയേറെ വിവാഹ മാധ്യമങ്ങളിൽ കൂടി ശ്രമിച്ചിരുന്നു. ഒന്നും ശരിയാകാതെ വന്നപ്പോഴാണ് ശ്രീ നാരായണ മന്ദിരസമിതി ബാന്ധവമേളയിൽ പങ്കെടുക്കാൻ പ്രേരിപ്പിച്ചത്. ഇതിൽ പങ്കെടുത്തതിനാൽ ഇന്നേ ദിവസം തന്നെ എന്റെ സങ്കല്പത്തിന് അനുയോജ്യമായ കുറെപേരെ പറ്റി അറിയാൻ കഴിയുകയും തുടർന്ന് അവരെ പരിചയപ്പെടാൻ അവസരം ലഭിക്കുകയും ചെയ്തു. ഈ പുതിയ അനുഭവങ്ങൾ എന്‍റെയും ഇവിടെ എത്തിയിട്ടുള്ളവരുടെയും ജീവിതത്തിൽ ഒരു പ്രത്യേക അനുഭവം ആയിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിവാഹ ബാന്ധവമേളയുടെ വിജയത്തിനായി വി.വി. ചന്ദ്രൻ, പൃത്വിരാജ്, കൺവീനർ സുനിൽ സുകുമാരൻ, സെക്രട്ടറി ശശാങ്കൻ, മനു മോഹൻ, അനിൽ കുമാർ, പങ്കജാക്ഷൻ, തമ്പാൻ, പവിത്രൻ, ഐശ്വര്യ, രജിത, രാഹുൽ, ബിനി പ്രദീപ്, ഡോ. ശ്യാമ, കൂടാതെ സമിതി ഭാരവാഹികളായ മായ സഹജൻ, എൻ.എസ്. രാജൻ, കമലനാന്ദൻ, കെ മോഹൻദാസ്, രാഹുൽ, എന്നിവരും ബാന്ധവമേളയ്ക്കു നേതൃത്വം നൽകി.