

അഡ്വ. മാത്യു ആന്‍റണി
കർണാടകയിൽ കോൺഗ്രസ് മന്ത്രിസഭ രൂപീകരിച്ച ശേഷം ആദ്യമെടുത്ത തീരുമാനങ്ങളിലൊന്നായിരുന്നു, 2020ൽ ബിജെപി സർക്കാർ നടപ്പാക്കിയ മത പരിവർത്തന നിരോധന നിയമം റദ്ദാക്കുക എന്നത്. മതനിരപേക്ഷ മൂല്യങ്ങളിലുള്ള കോൺഗ്രസിന്‍റെ വിശ്വാസത്തിനു തെളിവായിരുന്നു ഈ തീരുമാനം.
മണിപ്പൂരിൽ ഗോത്രകുലങ്ങൾ തമ്മിലടിച്ച്, കൊല്ലും കൊലയും കൊള്ളിവയ്പും തുടരുമ്പോൾ, അവിടെയുള്ളവർക്കു വേണ്ടി ശബ്ദിക്കാനും, അവർക്കു വേണ്ടി വാദിക്കാനും, രാഷ്ട്രപതിയെ കണ്ട് ഇടപെടൽ ആവശ്യപ്പെടാനും കോൺഗ്രസും പാർട്ടി അധ്യക്ഷൻ മല്ലികർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും ജയറാം രമേശും അടങ്ങുന്ന നേതാക്കളും മാത്രമാണുണ്ടായിരുന്നത്.
ഓർക്കണം, പ്രധാനമന്ത്രി നരേന്ദ്ര മോദി, കലാപ കലുഷിതമായ 50 ദിവസങ്ങൾ കഴിഞ്ഞിട്ടും മൗന വ്രതം വെടിഞ്ഞിട്ടില്ല.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ്ങിനും പ്രശ്നപരിഹാരം കണ്ടെത്താൻ സാധിച്ചിട്ടില്ല. കലാപത്തിൽ മരിച്ചവരുടെ എണ്ണം നൂറു കഴിഞ്ഞിട്ടും കേന്ദ്ര സർക്കാർ തുടരുന്ന നിസംഗതയിൽ മനംനൊന്താണ് സോണിയ ഗാന്ധി മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കാൻ ആഹ്വാനം ചെയ്തത്.
ഇതിനെല്ലാം പുറമെ, ആദിവാസികൾക്കു വേണ്ടി പ്രവർത്തിച്ച്, കേന്ദ്ര സർക്കാരിന്‍റെ ന്യൂനപക്ഷ പീഡനത്തിന് ഇരയായി മാറിയ ഫാ. സ്റ്റാൻ സ്വാമിക്കു വേണ്ടി ഉയർന്നതും കോൺഗ്രസിന്‍റെ സ്വരം മാത്രമായിരുന്നു.
എഫ്.സി.ആർ.എ അനുമതി (വിദേശ സംഭാവന അനുമതി), മറ്റിടപാടുകൾ, മറ്റു സഹായങ്ങൾ എന്നിവ സർക്കാരിൽ നിന്നു സ്വീകരിക്കേണ്ടതിനാൽ പുരോഹിതർക്കും മതമേലധികാരികൾക്കും മൗനം തന്നെ ആശ്രയം! അല്ലാതെ, പ്രധാനമന്ത്രിയോടോ ആഭ്യന്തര മന്ത്രിയോടോ ചോദ്യങ്ങളൊന്നുമില്ല. മണിപ്പൂരിലെ ചെയ്തികളെക്കുറിച്ച് സിനഡ് ചർച്ചകളുമില്ല, പ്രതിഷേധങ്ങളുമില്ല.
എന്നിട്ടും, ന്യൂനപക്ഷ സമുദായത്തെ ഭരണഘടനാപരമായി കാത്തു പോരുന്ന കോൺഗ്രസ് പാർട്ടിക്കാണ് അവഹേളനം. പലരുടെയും ചായ്‌വ് ആം ആദ്മി പാർട്ടിയോടും ബിജെപിയോടും!
മതങ്ങളെ തമ്മിൽത്തല്ലിക്കാൻ സംഘപരിവാർ പടച്ചുവിടുന്ന നുണകളിൽനിന്ന് അകലം പാലിക്കുകയാണു വേണ്ടത്. കോൺഗ്രസിനെ വിമർശിക്കേണ്ടിടത്തു വിമർശിക്കുക, പക്ഷേ, ചെയ്ത കാര്യങ്ങൾ കണ്ടില്ലെന്നു നടിക്കരുത്. ബഹുസ്വരത ഇന്ത്യയിൽ നിലനിൽക്കണമെങ്കിൽ കോൺഗ്രസ് വേണം, കോൺഗ്രസ് നന്നായി നിലനിൽക്കണമെങ്കിൽ നിങ്ങളെല്ലാവരും വേണം.