കൊങ്കണ്‍ റെയില്‍വേയെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് കൈമാറണമെന്ന് നിവേദനം

നടപടികള്‍ വേഗത്തിലാക്കണമെന്നാണ് ആവശ്യം
Memorandum submitted seeking the transfer of Konkan Railway to Indian Railways

കൊങ്കണ്‍ പാത

Updated on: 

നവിമുംബൈ: കൊങ്കണ്‍ റെയില്‍വേയിലെ മഹാരാഷ്ട്രയുടെ ഓഹരികള്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് കൈമാറാന്‍ നടപടി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിനോട് ആവശ്യപ്പെട്ട് ഉഡുപ്പി-ചിക്കമംഗളൂരു എം.പി. കോട്ട ശ്രീനിവാസ് പൂജാരി. മുംബൈയിലെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡിനെ ഇന്ത്യന്‍ റെയില്‍വേയില്‍ ലയിപ്പിക്കുന്നത് മേഖലയിലെ റെയില്‍വേ വികസനത്തിന് കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കാനും അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് അദ്ദേഹം വിശദീകരിച്ചു.

അന്തരിച്ച ജോര്‍ജ് ഫെര്‍ണാണ്ടസിന്‍റെ ദീര്‍ഘവീക്ഷണത്തോടെയുള്ള നേതൃത്വത്തില്‍ രൂപംകൊണ്ട കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ പടിഞ്ഞാറന്‍ തീരപ്രദേശത്തിന് റെയില്‍വേ കണക്റ്റിവിറ്റി ഉറപ്പാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയിലെ റോഹയില്‍ നിന്ന് കര്‍ണാടകയിലെ തോക്കൂര്‍വരെ ഏകദേശം 750 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതാണ് കൊങ്കണ്‍ റെയില്‍വേ ശൃംഖല.നിലവില്‍ ഒറ്റപ്പാതയിലൂടെയാണ് ട്രെയിന്‍ ഗതാഗതം നടക്കുന്നത്. യാത്രക്കാരുടെയും ചരക്കുനീക്കത്തിന്‍റെയും വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലെ സംവിധാനം അപര്യാപ്തമാണ്.