മുംബൈ: ഓൾ മുംബൈ മലയാളി അസോസിയേഷൻ (അമ്മ)മുംബൈ തിരുവോണനാളിൽ മധ്യ റെയിൽവേയിലെ ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിൽ ഒന്നായ സിഎസ്എംറ്റിയിൽ മെഗാ ഓണപൂക്കളം ഒരുക്കുന്നു . സെപ്റ്റംബർ 14 ഉച്ചക്ക് 2 മണി മുതൽ പൂക്കൾ തയ്യാറാക്കുന്ന ജോലികൾ തുടങ്ങും. രാത്രി പത്തുമണിയോടെ പൂക്കളമിടൽ ആരംഭിക്കും. തിരുവോണ ദിനമായ സെപ്റ്റംബർ 15 നു രാവിലെ ഏഴു മണി മുതൽ ജനങ്ങൾക്ക് കാണുവാനുള്ള സൗകര്യം ഉണ്ടായിരിക്കും. പ്രതിദിനം അൻപത് ലക്ഷത്തോളം യാത്രക്കാർ എത്തിച്ചേരുന്ന സിഎസ്എംറ്റി സ്റ്റേഷനിൽ മുൻ വർഷങ്ങളിൽ ഒരുക്കിയ പൂക്കളം കാണാൻ ഓരോ മിനിറ്റിലും ഏകദേശം എണ്ണുറോളം പേർ എത്തി ചേർന്നിരുന്നു. പൂക്കളം കാണുന്നതിനു വേണ്ടി വരുന്നവരുടെ തിരക്ക് കണക്കിലെടുത്ത് ഒരു ദിവസത്തിനു വേണ്ടി നിർമ്മിച്ച 'പൂക്കളം' രണ്ടു ദിവസത്തിനു ശേഷമാണ് നീക്കം ചെയ്തിരുന്നത് . ഏകദേശം 26 ലക്ഷത്തോളം പേരാണ് പൂക്കളം കാണാനെത്തിയത്.
ഏറ്റവും കൂടുതൽ സന്ദർശകർ കണ്ടതും, ഏറ്റവും കൂടുതൽപേർ സെൽഫിയെടു ക്കുന്നതുമായ ലോകത്തിലെ ഏക പൂക്കളമാണ് സിഎസ്എംറ്റിസ്റ്റേഷനിൽ ഒരുക്കിവരുന്നത്. 2008 ലെ ഭീകരാക്രമണത്തിൽ സിഎസ്റ്റി യിൽവെച്ച് മരണപ്പെട്ടവർക്കു വേണ്ടിയുള്ള സ്മരണാഞ്ജലി ആയാണ് മെഗാ സ്നേഹപൂക്കളം സമർപ്പിക്കുന്നത്. മനുഷ്യരെയെല്ലാം ഒന്നായ് കണ്ടിരുന്ന ഒരു നല്ല കാലത്തിന്‍റെ ഓർമ്മ മലയാളികളിലേക്ക് പകരാനും, അതോടൊപ്പം മലയാളികളുടെ ഈ സാംസ്‌കാരിക ആഘോഷം മറ്റ് ഭാഷക്കാരിലേക്ക് എത്തിക്കുകയും ചെയ്യുക എന്ന ലക്ഷ്യം കൂടി ഈ പൂക്കളമൊരുക്കുന്നതിന് പിന്നിലുണ്ടെന്ന് അമ്മ പ്രസിഡൻറ്റും, മുംബൈയിലെ പ്രമുഖ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകനുമായ ജോജോ തോമസ് പറഞ്ഞു.
മുംബൈ മലയാളികളുടെ അഭിമാനമായ, ലോകം മുഴുവൻ കാണുന്ന, നിരവധി റെക്കോർഡുകൾക്ക് അർഹമായ ഈ പൂക്കളത്തിന്റെ നിർവഹണത്തിൽ പങ്കാളിയാകുക എന്നത് ഓരോ മലയാളിക്കും അഭിമാനമാണ് മലയാളികളെകാൾ കൂടുതെൽ അന്യഭാഷ കാർ കാണുന്ന ഈ ജനകിയ പുക്കളം സന്ദർശിക്കുവാൻ നമ്മൾ മലയാളികൾ നമ്മളുടെ തനതായ വേഷത്തിൽ എത്തിച്ചേരുന്നത് മറ്റു സംസ്ഥാനക്കാർക്ക് നമ്മുടെ സംസ്കാരത്തെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുന്നതായി ജോജോ തോമസ് കൂട്ടി ചേർത്തു.
അതിരാവിലേ ദാദറിലും കല്യാണിലും പൂക്കൾ വാങ്ങാൻ വരുന്നവർ, പൂക്കൾ ശേഖരിച്ചു വെയ്ക്കാൻ സ്ഥലം ഒരുക്കി നൽകുന്നവർ, വിവിധ സ്ഥലങ്ങളിൽനിന്ന് പൂക്കൾ ഒരുക്കികൊണ്ട് വരുന്നവർ, വരയ്ക്കുന്നവർ, നേരം പുലർച്ചെവരെ പൂക്കളം ഒരുക്കുന്നവർ, ഭക്ഷണം, വെള്ളം തുടങ്ങിയവ ഒരുക്കുന്നവർ അങ്ങനെ ഒട്ടേറെ ആളുകളുടെ കൂട്ടായ പരിശ്രമമാണ് എല്ലാ വർഷവും ഓണംനാളിൽ CSMT മുംബൈയിൽ മലയാളികളുടെ അഭിമാനമായി മാറുന്ന അമ്മ പൂക്കളം. ഇത്തവണ സെപ്റ്റംബർ 14 ശനിയാഴ്ചയാണ് പൂക്കളം ഒരുക്കങ്ങൾ തുടങ്ങുക. വിവരങ്ങൾക്ക് - mumbaiamma@gmail.com